Photo: AP, AFP, Getty Images

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. താരത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പുകഴ്ത്തിയും അര്‍ജന്റീന താരം ലയണല്‍ മെസ്സിയെ കളിയാക്കിയും പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ് ആരാധകരടക്കം ഇക്കാര്യം ശ്രദ്ധിക്കുന്നത്.

എംബാപ്പെയുടെ എക്‌സ് അക്കൗണ്ടില്‍ നിന്ന് പ്രകോപനപരമായ നിരവധി പോസ്റ്റുകള്‍ വന്നതോടെ ആരാധകര്‍ ഞെട്ടി. ഫുട്‌ബോള്‍ ലോകത്തെ മെസ്സി – റൊണാള്‍ഡോ താരതമ്യത്തെക്കുറിച്ചുവന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചെസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം ക്ലബ്ബുകളെക്കുറിച്ചും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. അധികം വൈകാതെ അക്കൗണ്ട് വീണ്ടെടുക്കുകയും പോസ്റ്റുകളെല്ലാം നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതില്‍ എംബാപ്പെ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ സീസണിനു പിന്നാലെ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയില്‍ നിന്ന് എംബാപ്പെ റയല്‍ മാഡ്രിഡില്‍ ചേര്‍ന്നിരുന്നു.