Photo | AFP

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററായി മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ നിയമിച്ചു. മെഗാ ലേലംവിളിക്ക് മുന്നോടിയായാണ് നിയമനം. നേരത്തേ ഗൗതം ഗംഭീറായിരുന്നു ലഖ്‌നൗവിന്റെ മെന്റര്‍. കഴിഞ്ഞതവണ അദ്ദേഹം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ചേര്‍ന്നതോടെ വന്ന ഒഴിവിലാണ് സഹീര്‍ ഖാനെ നിയമിച്ചത്.

2018 മുതല്‍ 2022 വരെ അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു സഹീര്‍. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐ.പി.എലിലേക്ക് വീണ്ടും മടങ്ങിയെത്തിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സില്‍ ആദ്യം ഡയറക്ടറായും തുടര്‍ന്ന് ഗ്ലോബല്‍ ഡെവലപ്‌മെന്റ് ഹെഡായും പ്രവര്‍ത്തിച്ചു.

മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമുകളില്‍ സഹീര്‍ കളിച്ചിട്ടുണ്ട് പത്ത് സീസണുകളിലായി 100 മത്സരങ്ങളില്‍ 102 വിക്കറ്റുകള്‍ നേടി. 2017-ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്യാപ്റ്റനായാണ് അവസാന മത്സരം. തുടര്‍ന്ന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിച്ചു.

ജസ്റ്റിന്‍ ലാംഗറാണ് ലഖ്‌നൗവിന്റെ മുഖ്യ പരിശീലകന്‍. ലാന്‍സ് ക്ലൂസ്‌നര്‍, ആദം വോഗ്‌സ് എന്നിവര്‍ സഹപരിശീലകരാണ്. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം മോണി മോര്‍ക്കല്‍ ഇന്ത്യന്‍ ടീമില്‍ ഗംഭീറിന്റെ കോച്ചിങ് സ്റ്റാഫായി പോയതോടെ ലഖ്‌നൗവിന് നിലവില്‍ ബൗളിങ് പരിശീലകനില്ല.