പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിന് സെപ്റ്റംബര്‍ 13-ന് തുടക്കമാകും. കൊല്‍ക്കത്തയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി.യെ നേരിടും. കഴിഞ്ഞ സീസണിലെ ഫൈനലിലും ഇരുടീമുകളുമാണ് ഏറ്റുമുട്ടിയത്.
സെപ്റ്റംബര്‍ 15-ന് ഞായറാഴ്ച പഞ്ചാബ് എഫ്.സി.ക്കെതിരേ കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. സെപ്റ്റംബര്‍ 29-ന് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്.സി.ക്കെതിരേ ആദ്യ എവേ മത്സരവും നടക്കും. പുതിയ പരിശീലകന്‍ മിക്കേല്‍ സ്റ്റാറേയ്ക്കു കീഴില്‍ ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എലിനിറങ്ങുന്നത്.
സീസണില്‍ 13 ടീമുകളാണ് ടൂര്‍ണമെന്റിനുള്ളത്. മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബും ഇത്തവണ ഐ.എസ്.എലിനെത്തുന്നുണ്ട്. ഐ ലീഗില്‍നിന്നാണ് ഐ.എസ്.എലിലെത്തുന്നത്. സെപ്റ്റംബര്‍ 16-ന് നൂര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് മുഹമ്മദനിന്റെ ആദ്യമത്സരം. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നിവയ്ക്കുശേഷം കൊല്‍ക്കത്തയില്‍നിന്ന് ഐ.എസ്.എലിലെത്തുന്ന മൂന്നാമത്തെ ടീമാണ് മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്.
