സുനിത വില്യംസും ബച്ച് വിൽമറും | Photo: Photo: ANI

വാഷിങ്ടണ്‍ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും നിലവിലെ സാഹചര്യത്തില്‍ തിരികെക്കൊണ്ടുവരുന്നത് അപകടമേറിയ ദൗത്യമാണെന്ന് നാസ. ഇരുവരുമില്ലാതെ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ഭൂമിയിലേക്ക് തിരിക്കും. അടുത്തവര്‍ഷം ഫെബ്രുവരിയോടെയാവും ഇരുവരേയും തിരിച്ചെത്തിക്കുക. ഇതോടെ എട്ടുദിവസത്തേക്ക് നിശ്ചയിച്ചിരുന്ന ദൗത്യം എട്ടുമാസത്തോളം നീളും.

സ്‌പെയ്‌സ് എക്‌സിന്റെ ക്രൂ- 9 മിഷന്റെ ഡ്രാഗണ്‍ സ്‌പെയ്‌സ് ക്രാഫ്റ്റില്‍ മറ്റുരണ്ടുപേര്‍ക്കൊപ്പമാവും ഇരുവരും തിരിച്ചെത്തുക. സെപ്റ്റംബര്‍ ആദ്യത്തോടെ സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി തിരിച്ചെത്തിക്കാനാണ് ശ്രമമെന്നും നാസ അറിയിച്ചു. തിരിച്ചെത്തുന്ന സ്റ്റാര്‍ലൈനറില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ബോയിങ്ങും നാസയും ശേഖരിക്കും.

ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി സുനിത വില്യംസ്, ബച്ച് വില്‍മര്‍ എന്നിവര്‍ ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെ പേടകത്തിന്റെ സഞ്ചാര വേഗം ക്രമീകരിക്കുന്ന ത്രസ്റ്ററുകളുടെ പ്രവര്‍ത്തനം പലതവണ തടസപ്പെടുകയും ഹീലിയം ചോര്‍ച്ചയുണ്ടാവുകയും ചെയ്തിരുന്നു.