മനു ഭാക്കറും സൂര്യകുമാർ യാദവും, Photo:twitter.com

ന്യൂഡല്‍ഹി : പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി രണ്ട് വെങ്കലമെഡലുകള്‍ നേടിയ താരമാണ് മനു ഭാക്കര്‍. ഷൂട്ടിങ്ങില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇനത്തിലുമാണ് താരം മെഡല്‍ നേടിയത്. ഒളിമ്പിക്‌സിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ താരത്തിന്റെ ബ്രാന്‍ഡ് വാല്യുവും ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ മനു ഭാക്കര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രം ശ്രദ്ധനേടുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്ത രീതിയാണ് ആരാധകരെ ആകര്‍ഷിച്ചത്. മനു ഭാക്കര്‍ ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്ന രീതിയിലും സൂര്യ ഷൂട്ട് ചെയ്യുന്ന രീതിയിലുമാണ് പോസ് ചെയ്തത്.

ഇന്ത്യയുടെ മിസ്റ്റര്‍.360-ല്‍ നിന്ന് പുതിയ കായിക ഇനത്തിന്റെ വിദ്യകള്‍ പഠിക്കുകയാണ്- ചിത്രം പങ്കുവെച്ച് മനു ഭാക്കര്‍ കുറിച്ചു.

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 നായകനാണ് സൂര്യകുമാര്‍ യാദവ്. ടി20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത് ശര്‍മ ടി20 യില്‍ നിന്ന് വിരമിച്ച പശ്ചാത്തലത്തിലാണ് താരത്തെ നായകനായി നിയമിച്ചത്. ലോകകപ്പ് വിജയത്തില്‍ ഫൈനലിലെ സൂര്യയുടെ ക്യാച്ച് നിര്‍ണായകമായിരുന്നു.