നിസ്സാർ, പ്രതീകാത്മകചിത്രം

വണ്ണപ്പുറം(ഇടുക്കി): ബാറിലെ തുറസ്സായ സ്ഥലത്ത് ഉച്ചത്തില്‍ ചീത്തവിളിച്ചത് ചോദ്യംചെയ്തയാളെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍. അമ്പലപ്പടി കുവൈറ്റ് കോളനി കാനാപ്പറമ്പില്‍ നിസ്സാറിനെ(കുട്ടിമോട്ടോര്‍-45) ആണ് കാളിയാര്‍ പോലീസ് അറസ്റ്റുചെയ്തത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് വണ്ണപ്പുറം അമ്പലപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ബാറിന്റെ ഓപ്പണ്‍ സ്പേസില്‍ ഉച്ചത്തില്‍ ചീത്തവിളിച്ചത് അയല്‍വീട്ടിലുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നത് ചോദ്യംചെയ്തതാണ് പ്രകോപനത്തിന് കാരണം. ബാറിന് സമീപം താമസിക്കുന്ന പഴേരിയില്‍ അജാസിനെ(38) ഇയാള്‍ പത്തലുകൊണ്ടടിച്ച് പരിക്കേല്‍പിക്കുയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കാളിയാര്‍ പോലീസ് എസ്.ഐ.മാരായ അനസ്, ഷംസുദ്ദീന്‍, സി.പി.ഒ. ദീക്ഷിത് എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നിസ്സാര്‍ വിവിധ സ്റ്റേഷനുകളിലായി 18-ല്‍പരം കേസുകളില്‍ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.