രോഹിത് ശർമ, വിരാട് കോഹ്ലി

മുംബൈ : മുംബൈയിൽ നടന്ന ലേലത്തിൽ പ്രമുഖ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ജേഴ്‌സി ഒരാൾ വാങ്ങിയത് 40 ലക്ഷം രൂപയ്ക്ക്. ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റ് വിറ്റതാകട്ടെ 24 ലക്ഷത്തിനും. ക്രിക്കറ്റ് താരമായ കെ.എൽ. രാഹുലും ഭാര്യ അതിയയും ചേർന്ന് നടത്തുന്ന വിപ്ല ഫൗണ്ടേഷനുവേണ്ടിയായിരുന്നു ഈ ലേലം. ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്നതിനുള്ള സന്നദ്ധസംഘടനയാണിത്. ലേലത്തിൽ ആകെ കിട്ടിയ 1.9 കോടി രൂപ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഫൗണ്ടേഷൻ നടത്തുന്ന സ്കൂളിന് നൽകും.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഇപ്പോഴത്തെയും മുൻപത്തെയും കളിക്കാർ ഉപയോഗിച്ച വസ്തുക്കളാണ് പ്രധാനമായും ലേലത്തിനുണ്ടായത്. ജോസ് ബട്‌ലർ, ക്വിന്റൺ ഡികോക്ക് തുടങ്ങി ചില വിദേശതാരങ്ങളുടെ വസ്തുക്കളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാലും ലേലത്തിൽ പങ്കെടുത്തവർക്ക് പ്രിയം ഇന്ത്യൻ താരങ്ങൾ ഉപയോഗിച്ച വസ്തുക്കൾ സ്വന്തമാക്കാനായിരുന്നു.

വിരാട് കോലിയുടെ ഗ്ലൗസിന് ലഭിച്ചത് 28 ലക്ഷം രൂപയാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോനിയുടെ ബാറ്റിന് 13 ലക്ഷം രൂപയാണ് ലഭിച്ചത്. മുൻതാരവും ഇന്ത്യൻ കോച്ചുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ ബാറ്റ് ഒരു ആരാധകൻ വാങ്ങിയത് 11 ലക്ഷം രൂപയ്ക്കാണ്. ക്വിന്റൺ ഡികോക്കിന്റെ വിക്കറ്റ് കീപ്പിങ് ഗ്ലൗസ് വിറ്റത് 1.10 ലക്ഷം രൂപയ്ക്കാണെങ്കിൽ ജോസ് ബട്‌ലറുടെ ജേഴ്‌സി 55,000 രൂപയ്ക്കാണ് വിറ്റത്.

ധോനിയുടെ ബാറ്റിങ് ഗ്ലൗസ് മൂന്നരലക്ഷവും കെ.എൽ. രാഹുലിന്റെ ബാറ്റിങ് പാഡിന് 2.40 ലക്ഷം രൂപയും കിട്ടിയപ്പോൾ രാഹുലിന്റെ ഹെൽമെറ്റിന് 4.20 ലക്ഷം രൂപയാണ് ലഭിച്ചത്. മലയാളിതാരം സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ജേഴ്‌സിക്ക് ലഭിച്ചത് അരലക്ഷം രൂപയാണ്. കെ.എൽ. രാഹുലിന്റെ മുത്തശ്ശിയാണ് വിപ്ല ഫൗണ്ടേഷൻ സ്ഥാപിച്ചത്. പിന്നീട്, ഇതിന്റെ പ്രവർത്തനം രാഹുൽ ഏറ്റെടുക്കുകയായിരുന്നു. ‘‘ഇത് ഞങ്ങളുടെ ആദ്യത്തെ ചാരിറ്റി ലേലമാണ്. ‘ക്രിക്കറ്റ് ഫോർ എ കോസ്’ വലിയ വിജയമായതിൽ സന്തോഷമുണ്ട്’’ -അതിയ പറഞ്ഞു.