അറസ്റ്റിലായ മുഹമ്മദ് തമീം

ചിറ്റാരിക്കാൽ : ഓൺലൈൻ കച്ചവടത്തിൽ പങ്കാളിത്തവും വൻ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറ മുഹമ്മദ് തമീമിനെയാണ് (22) കാഞ്ഞങ്ങാട് ഡിവൈ. എസ്.പി. ബാബു പെരിങ്ങേത്തിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ചിറ്റാരിക്കാൽ പാലാവയലിലെ ചക്കാലക്കൽ വീട്ടിൽ ജോജോ ജോസഫിന്റെ പരാതിയിലാണ് തമീമിനെ അറസ്റ്റ് ചെയ്തത്. ഫ്ലൈറ്റ് നെറ്റ്‌വർക്ക് എന്ന ഓൺലൈൻ കമ്പനിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പലതവണകളായി 22 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കും.

അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർക്ക് പുറമെ, എസ്.ഐമാരായ അനിൽകുമാർ, മോൻസി പി. വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്, ദിലീപ്, ജോസ്, രാജൻ എന്നിവരും ഉൾപ്പെടുന്നു.