അധികൃതർ പൊളിച്ചുമാറ്റിയ കൺവെൻഷൻ സെന്റർ, നടൻ നാ​ഗാർജുന | ഫോട്ടോ: x.com/sudhakarudumula, http://www.facebook.com/IamNagarjuna

തെലുങ്ക് സൂപ്പർതാരം നാ​ഗാർജുനയുടെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്റർ തകർത്ത് ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസെറ്റ്സ് മോണിട്ടറിം​ഗ് ആൻഡ് പ്രൊട്ടക്ഷൻ (ഹൈഡ്രാ) അധികൃതർ. വെള്ളിയാഴ്ചയാണ് സംഭവം.

പൊതുസ്ഥലങ്ങളും ജലാശയങ്ങളും കയ്യേറിക്കൊണ്ടുള്ള നിർമാണങ്ങൾ പൊളിച്ചുനീക്കുന്നതിന്റെ ഭാ​ഗമായാണ് അധികൃതരുടെ ഈ നീക്കം. പത്തേക്കർ വിസ്തൃതിയുണ്ടായിരുന്നു നാ​ഗാർജുനയുടെ ദ എൻ കൺവെൻഷൻ സെന്ററിന്. പാരിസ്ഥിതിക നിയമങ്ങളുൾപ്പെടെ സകലതിനേയും കാറ്റിൽപ്പറത്തിയാണ് കെട്ടിടം നിർമിച്ചതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

തുംകുണ്ട തടാകത്തിന്റെ 1.12 ഏക്കർ ഭാ​ഗമാണ് കൺവെൻഷൻ സെന്റർ നിർമിക്കാൻ കയ്യേറിയത്. ഇതിനുപുറമേ തടാകത്തിന്റെ ബഫർ സോണിലുൾപ്പെടുന്ന രണ്ടേക്കർ ഭൂമിയും കയ്യേറിയതായി കണ്ടെത്തി. തുടർന്നാണ് സെന്റർ പൊളിച്ചുമാറ്റാൻ ഹൈഡ്രാ അധികൃതർ തീരുമാനിച്ചത്. അതേസമയം ഈ വിഷയത്തിൽ നാ​ഗാർജുന പ്രതികരിച്ചിട്ടില്ല.

ആന്ധ്രയിലെ ഏറെ പ്രശസ്തമായ കൺവെൻഷൻ സെന്ററാണ് ദ എൻ. ആഡംബര വിവാഹങ്ങളും കോർപ്പറേറ്റ് മീറ്റിങ്ങുകളുമെല്ലാം ഇവിടെ നടന്നിരുന്നു. ഇതാണ് ഹൈഡ്രാ ഏജൻസിയുടെ നീക്കത്തെ ഏവരുടേയും ശ്രദ്ധാകേന്ദ്രമാക്കിയത്.