പ്രതീകാത്മക ചിത്രം
മട്ടാഞ്ചേരി: സ്വകാര്യ ബസിൽ വിദ്യാർഥികൾക്ക് യാത്രാനിരക്ക് ഇളവ് നിഷേധിച്ചത് ചോദ്യംചെയ്ത വിദ്യാർഥികളെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചതായി പരാതി. കൊച്ചിൻ കോളേജ് വിദ്യാർഥികളായ എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി പി.എച്ച്. മുസമ്മിൽ, മട്ടാഞ്ചേരി ലോക്കൽ സെക്രട്ടറി യാസിർ ഹമീദ് എന്നിവർക്കാണ് മർദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് കൂവപ്പാടം ബസ് സ്റ്റോപ്പിൽ വെച്ചാണ് സംഭവം.
രാവിലെ എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റ് കെ.എച്ച്. ഷഹബാസിനെ ഫോർട്ട്‌കൊച്ചി ചിറ്റൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഹെയ്ൽ മേരി എന്ന ബസിൽനിന്ന് യാത്രാനിരക്ക് ഇളവ് ആവശ്യപ്പെട്ടപ്പോൾ ഇറക്കിവിട്ടിരുന്നതായി പറയുന്നു. ഇതിനെത്തുടർന്നാണ് എസ്.എഫ്.ഐ. പ്രവർത്തകർ വൈകീട്ട് ബസ് ജീവനക്കാരുടെ നടപടിയെ ചോദ്യം ചെയ്തത്. രോഷാകുലരായ ബസ് ജീവനക്കാർ വിദ്യാർഥികളെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർഥികൾ കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി പോലീസ് കേസെടുത്തു.
എന്നാൽ വിദ്യാർഥികളുടെ കൈയിൽ കൺസെഷൻ കാർഡ് ഇല്ലായിരുന്നുവെന്ന് എറണാകുളം ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. കണ്ടക്ടർ അനോഷിനെ മർദിച്ച വിദ്യാർഥികൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ബി. സുനീർ ആവശ്യപ്പെട്ടു.
