ബാബു

ചെറായി : മത്സ്യം ചോദിച്ചിട്ട് നൽകാത്ത ദേഷ്യത്തിൽ മത്സ്യക്കച്ചവടക്കാരനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി. മുനമ്പം മിനി ഫിഷിങ് ഹാർബറിലെ മത്സ്യക്കച്ചവടക്കാരനായ മുനമ്പം കടുങ്ങിവീട്ടിൽ ജനാർദ്ദനന്റെ മകൻ ബാബു (57) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുനമ്പം തറയിൽ പ്രവീണി (34) നെ നാട്ടുകാർ പിടികൂടി മുനമ്പം പോലീസിൽ എൽപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9.45-നാണ് സംഭവം.

ഹാർബറിൽ അടുക്കുന്ന ബോട്ടുകളിൽനിന്ന് കറിക്കെന്ന പേരിൽ പ്രവീൺ മീൻ വാരിയെടുത്തു. മത്സ്യക്കച്ചവടക്കാരനായ ബാബു വാങ്ങിയിട്ടിരുന്ന മീൻ കൂട്ടത്തിൽനിന്നും പ്രതി മീൻ എടുത്തു. ബാബു ഇത് തടയുകയും വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തതായി പോലീസ് പറഞ്ഞു.

കച്ചവടം കഴിഞ്ഞ് വീട്ടിലേക്കുപോയ ബാബുവിന്റെ വീട്ടിലെത്തിയ പ്രവീൺ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയവർ ബാബുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബാബുവിന്റെ ഭാര്യ: അനിത. മക്കൾ: അനഘ (ഐ.ടി. കമ്പനി, കോഴിക്കോട്), ആതിര (ആലുവ, യു.സി. കോളേജ് വിദ്യാർഥിനി). വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.