പാക്കിസ്ഥാൻ താരങ്ങൾ മത്സരത്തിനിടെ
റാവൽപിണ്ടി ∙ ആദ്യ ടെസ്റ്റിൽ പേസര്‍മാരെവച്ച് ബംഗ്ലദേശിനെ എറിഞ്ഞിടാൻ ഇറങ്ങിയ പാക്കിസ്ഥാന് നാലാം ദിവസം തിരിച്ചടി. റാവൽപിണ്ടിയിൽ നടക്കുന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശ് ലീഡ് ഉറപ്പിച്ചു. ആദ്യ ഇന്നിങ്സിൽ ബാറ്റിങ് തുടരുന്ന ബംഗ്ലദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ 476 റൺസെന്ന നിലയിലാണ്. നിലവിൽ ബംഗ്ലദേശിന് 28 റൺസിന്റെ ലീഡുണ്ട്. സെഞ്ചറി നേടിയ മുഷ്ഫിഖർ റഹീമാണ് നാലാം ദിവസം പാക്കിസ്ഥാന്റെ പ്രതീക്ഷകളെ തകർത്തെറിഞ്ഞത്.
284 പന്തുകൾ നേരിട്ട മുഷ്ഫിഖർ 149 റൺസുമായി പുറത്താകാതെനിൽക്കുന്നു. മുഷ്ഫിഖറിന് പിന്തുണയുമായി മെഹ്ദി ഹസൻ മിറാസും (112 പന്തിൽ 46) നിലയുറപ്പിച്ചുകഴിഞ്ഞു. അർധ സെഞ്ചറി നേടിയ ലിറ്റൻ ദാസും (78 പന്തിൽ 56) തിളങ്ങി. 5 വിക്കറ്റ് നഷ്ടത്തിൽ 316 റൺസ് എന്ന നിലയിലാണ് നിലയിലാണ് സന്ദർശകർ ശനിയാഴ്ച ബാറ്റിങ് ആരംഭിച്ചത്.
രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ബംഗ്ലദേശ് ഷദ്മൻ ഇസ്‍ലാമിനു സെഞ്ചറി നഷ്ടമായിരുന്നു. 183 പന്തിൽ 12 ഫോർ സഹിതം ഷദ്മൻ ഇസ്‍ലാം നേടിയത് 93 റൺസ്. മുഹമ്മദ് അലിയുടെ പന്തിൽ താരം ക്ലീൻ ബോൾഡ് ആയി പുറത്താവുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 448 റൺസെടുത്ത് പാക്കിസ്ഥാൻ ഡിക്ലയര്‍ ചെയ്തിരുന്നു.
