കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയി. ചിത്രം/Facebook

കൊൽക്കത്ത ∙ ആർ.ജി.കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൂട്ടബലാത്സംഗത്തിന് തെളിവില്ലെന്ന് സിബിഐ. പ്രതി സഞ്ജയ് റോയിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വിചാരണ കോടതിയിൽ സമർപ്പിച്ച റിമാൻഡ് കുറിപ്പിലാണ് ‘കൂട്ടബലാത്സംഗം’ എന്നതിനെക്കുറിച്ച് സിബിഐ പരാമർശിക്കാതെ വിട്ടത്. ഓഗസ്റ്റ് 9ന് പുലർച്ചെ നാലിന് നടന്ന ബലാത്സംഗത്തിൽ പ്രതി സഞ്ജയ് റോയ് മാത്രമാണെന്ന നിഗമനത്തിലാണ് സിബിഐ.

നേരത്തെ തങ്ങളുടെ മകൾ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് ആരോപിച്ച് യുവതിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതിയിൽ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലും തങ്ങളുടെ മകൾ കൂട്ടബലാത്സംഗത്തിനു വിധേയരായിട്ടുണ്ടെന്ന് തന്നെയാണ് ഇവർ വാദിക്കുന്നത്.

അതിനിടെ വിചാരണ കോടതി, പ്രതി സഞ്ജയ് റോയിയെ സെപ്റ്റംബർ 6 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇയാളെ പ്രസിഡൻസി ജയിലിലാണ് പാർപ്പിക്കുന്നത്. ഇവിടെ ഏകാന്ത തടവിൽ കഴിയുന്ന സഞ്ജയ് റോയിയെ, 24 മണിക്കൂറും സിസിടിവിയിലൂടെ നിരീക്ഷിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിചാരണക്കോടതിയിൽ സമർപ്പിച്ച കേസിലെ റിമാൻഡ് കുറിപ്പിൽ, ഭാരതീയ ന്യായ സംഹിതയുടെ വകുപ്പ് 64, 103 (1) എന്നിവ സിബിഐ ചുമത്തുന്നുണ്ട്.

കനത്ത സുരക്ഷയ്ക്കിടെയാണ് പ്രതിയെ വെള്ളിയാഴ്ച സീൽദാ കോടതിയിൽ എത്തിച്ചത്. പ്രതിയ്ക്ക് സുരക്ഷ ഒരുക്കാൻ എൺപതോളം പൊലീസുകാരും ഉണ്ടായിരുന്നു. സഞ്ജയ് റോയിയെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ സമ്മതം ഉൾപ്പെടെയുള്ള രേഖകളും സിബിഐ ഇന്നലെ കോടതിയിൽ ഹാജരാക്കി. സീൽദാ മജിസ്റ്റീരിയൽ കോടതിയിലെ ബംഗാൾ ലീഗൽ എയ്ഡ് അതോറിറ്റിയുടെ സ്റ്റാൻഡിങ് കൗൺസിലാണ് സഞ്ജയ് റോയിക്കുവേണ്ടി ഇന്നലെ കോടതിയിൽ ഹാജരായത്.

അതേസമയം, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ സഹപ്രവർത്തകരുടെ മൊഴികൾ പരസ്പര വിരുദ്ധമായതിനാൽ അവരെ നുണപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ രണ്ടു പേർ ഒന്നാം വർഷ ബിരുദാനന്തര ട്രെയിനികളും ഒരു ഹൗസ് സർജനും ഒരു ഇന്റേണും ഉൾപ്പെടുന്നുണ്ട്. നാലു ഡോക്ടർമാരും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നതായി തോന്നുന്നില്ലെന്നാണ് സിബിഐ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കാര്യങ്ങളിൽ ഇവർ ഭാഗമാണോ എന്ന് പരിശോധിക്കണമെന്ന് സിബിഐ പറയുന്നു. മെഡിക്കൽ കോളജ് ആശുപത്രി മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷ്, സംശയമുനയിലുള്ള നാലു ഡോക്ടർമാർ‍ എന്നിവരുടെ നുണപരിശോധന നടത്താൻ സിബിഐക്ക് കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിരുന്നു.