പ്രതീകാത്മക ചിത്രം
പാറശ്ശാല(തിരുവനന്തപുരം): കാരോട് പോസ്റ്റോഫീസിൽ നിക്ഷേപിച്ച ഇരുപതുലക്ഷം രൂപ രേഖകളിൽ ചേർക്കാതെ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ അപഹരിച്ചതായി പരാതി. കാരോട് നിവാസികളായ രണ്ടുനിക്ഷേപകർക്ക് ഇരുപതുലക്ഷം രൂപ നഷ്ടമായി. നെയ്യാറ്റിൻകര പോസ്റ്റൽ ഇൻസ്പെക്ടറുടെ പരാതിയിൽ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്കെതിരേ പൊഴിയൂർ പോലീസ് കേെസടുത്തു.
കാരോട് പോസ്റ്റോഫീസിലെ ബ്രാഞ്ച് പോസ്റ്റ്മാസ്റ്ററായ ലാലിക്കെതിരേയാണ് നിക്ഷേപകർ പരാതിയുമായി പോസ്റ്റൽ വകുപ്പിനെ സമീപിച്ചത്. കാരോട് സ്വദേശിയായ മോനി ജസ്റ്റസ് ഒരുവർഷം മുൻപ് രണ്ട് തവണകളായി 15 ലക്ഷം രൂപ കാരോട് പോസ്റ്റോഫീസിൽ നിക്ഷേപിച്ചു.
എന്നാൽ പാസ് ബുക്കിൽ ഈ തുക രേഖപ്പെടുത്തി നൽകിയിരുന്നില്ല. പല തവണ ആവശ്യപ്പെട്ടെങ്കിലും സാങ്കേതികകാരണങ്ങൾ പറഞ്ഞ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ നിക്ഷേപകനെ മടക്കി അയച്ചതായി പരാതിയിൽ പറയുന്നു. പണം നിക്ഷേപിച്ച് ഒരുവർഷം കഴിഞ്ഞിട്ടും പാസ് ബുക്കിൽ രേഖപ്പെടുത്തി കിട്ടാത്തതിനെത്തുടർന്നാണ് മോനി ജസ്റ്റസ് പരാതിയുമായി പോസ്റ്റൽ വകുപ്പിനെ സമീപിച്ചത്..
കാരോട് സ്വദേശിയായ ബനഡിക്ടും തട്ടിപ്പിന് ഇരയായതായി പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ നവംബർ മാസത്തിൽ ബനഡിക്ട് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചെങ്കിലും അതും പാസ്‌ബുക്കിൽ രേഖപ്പെടുത്തി നൽകിയില്ല. പോസ്റ്റ്മാസ്റ്റർ ബനഡിക്ടിനോടും ഒരോ കാര്യങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു.
പോസ്റ്റ്മാസ്റ്ററുടെ നടപടിയിൽ സംശയം തോന്നിയതിനെത്തുടർന്ന് ഇദ്ദേഹവും പരാതിയുമായി പോസ്റ്റൽ വകുപ്പിനെ സമീപിച്ചു. ഇരുവരുടെയും പരാതിയിൽ പോസ്റ്റൽ വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് നെയ്യാറ്റിൻകര പോസ്റ്റൽ ഇൻസ്പെക്ടർ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്കെതിരേ പൊഴിയൂർ പോലീസിൽ പരാതി നൽകി.
