ക്രിസ്റ്റ്യാനോ റൊണാൾഡോ

സമൂഹമാധ്യമങ്ങളില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോളം ഫോളോവേഴ്‌സുള്ള മറ്റൊരു കായികതാരമില്ല. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ആരാധകരുടെ പ്രിയപ്പെട്ട റോണോ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോഴിതാ യുട്യൂബ് ചാനലും ആരംഭിച്ചിരിക്കുകയാണ് റൊണാള്‍ഡോ. ചാനല്‍ തുടങ്ങി മണിക്കൂറുകള്‍ക്കുകള്ളില്‍ ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സായി. ഒരര്‍ഥത്തില്‍ യുട്യൂബില്‍ ക്രിസ്റ്റ്യാനോ തരം​ഗമാണ്. താരത്തെ പിന്തുടരാനുള്ള മത്സരത്തിലാണ് ആരാധകര്‍.

‘ദ വെയ്റ്റ് ഈസ് ഓവര്‍, അവസാനമിതാ എന്റെ യുട്യൂബ് ചാനല്‍ ഇവിടെ! ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ, SIUUUscribe ചെയ്യൂ’- യുട്യൂബ് ചാനല്‍ തുടങ്ങിയ സന്തോഷവാര്‍ത്ത പങ്കുവെച്ച് ക്രിസ്റ്റ്യാനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്. യു.ആര്‍. എന്ന രണ്ടക്ഷരംവെച്ചാണ് താരം ചാനല്‍ തുടങ്ങിയത്.

യുട്യൂബിലും റെക്കോഡുകള്‍ തകര്‍ക്കുകയാണ് പോര്‍ച്ചുഗീസ് നായകന്‍. തന്നെ റെക്കോഡുകളാണ് പിന്തുടരുന്നതെന്ന് അന്നൊരിക്കല്‍ പറഞ്ഞത് ശരിവെക്കുന്നതുപോലെ. മണിക്കൂറുകള്‍ക്കുള്ളില്‍ ഗോള്‍ഡ് പ്ലേ ബട്ടണും ഡയമണ്ട് പ്ലേ ബട്ടണും സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. 10 കോടി സബ്‌സ്‌ക്രൈബേഴ്‌സിനുള്ള റെഡ് ഡയമണ്ട്‌പ്ലേ ബട്ടണാണ് റോണോയുടെ അടുത്ത ലക്ഷ്യം. ചാനലില്‍ വിവിധ തരത്തിലുള്ള ഉള്ളടക്കങ്ങളുണ്ടാകും. കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുത്തുമെന്ന് റോണോ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇനി കണ്ടന്റ് ക്രിയേറ്ററായ റോണോയെ കാണാമെന്ന് ചുരുക്കം.

മൈതാനത്തെ പ്രധാന എതിരാളിയും അര്‍ജന്റൈന്‍ സൂപ്പര്‍താരവുമായ ലയണല്‍ മെസ്സിക്കും യുട്യൂബ് ചാനലുണ്ട്. നിലവില്‍ 2.33 മില്ല്യണ്‍
സബ്‌സ്‌ക്രൈബേഴ്‌സാണ് മെസ്സിയുടെ ചാനലിന്. 2006-ലാണ് മെസ്സി യുട്യൂബ് ചാനൽ ആരംഭിച്ചത്. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ റൊണാള്‍ഡോ ബഹുദൂരം മുന്നിലാണ്. ചാനല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 16 മില്ല്യണിനടുത്ത് സബ്‌സക്രൈബേഴ്‌സായി. യുട്യൂബിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഒരു മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കിയതും മറ്റാരുമല്ല. ക്രിസ്റ്റ്യാനോയുടെ പുതിയ വീഡിയോകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.