കൊൽക്കത്തയിൽ പി.ജി. ട്രെയിനി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ഡൽഹിയിൽ ഡോക്ടർമാർ നടത്തിയ പ്രതിഷേധം | Photo: ANI

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട പി.ജി. ട്രെയിനി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്ന് സൂചന. കേസില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സി.ബി.ഐ. വ്യാഴാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അറസ്റ്റിലായ പോലീസ് സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയുടെ പങ്ക് മാത്രമേ കുറ്റകൃത്യത്തില്‍ ഇതുവരെ കണ്ടെത്താനായിട്ടുള്ളൂവെന്നാണ് സി.ബി.ഐ. പറയുന്നത്. ഫൊറന്‍സിക് റിപ്പോര്‍ട്ടിലും ഡി.എന്‍.എ. പരിശോധന ഫലത്തിലും ഇയാള്‍ക്കെതിരേ തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍, കൃത്യത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍ സി.ബി.ഐ. അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ അന്തിമ അഭിപ്രായത്തിനായി ഫൊറന്‍സിക് റിപ്പോര്‍ട്ട് സി.ബി.ഐ. സംഘം വിദഗ്ധര്‍ക്ക് അയച്ചുനല്‍കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതിനിടെ, ക്രൈംസീനില്‍ (കുറ്റകൃത്യം നടന്ന സ്ഥലം) മാറ്റങ്ങള്‍ വരുത്തിയതായും ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നതായും സി.ബി.ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടറുടെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞാണ് കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചതെന്നാണ് സി.ബി.ഐ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, കൊല്‍ക്കത്ത സംഭവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലുയര്‍ന്ന വാദങ്ങള്‍ സുപ്രീംകോടതി വ്യാഴാഴ്ച തള്ളിക്കളഞ്ഞു. ഡോക്ടറുടെ മൃതദേഹത്തില്‍ 151 മില്ലിഗ്രാം പുരുഷബീജം കണ്ടെത്തിയെന്ന ആരോപണം തള്ളിക്കളഞ്ഞ ചീഫ് ജസ്റ്റിസ്, സാമൂഹികമാധ്യമങ്ങളിലെ വാദങ്ങളെ ആശ്രയിക്കരുതെന്നും പറഞ്ഞു.