കന്യാകുമാരി റെയിൽവേ സ്റ്റേഷൻ, കാണാതായ തസ്മീക് തംസം

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്താൻ കേരള, തമിഴ്നാട് പോലീസിന്റെ വ്യാപക തിരച്ചിൽ. കുട്ടി എത്തിയെന്നു കരുതുന്ന കന്യാകുമാരി റെയിൽവേ സ്റ്റേഷനിലും പരിസരത്തും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുന്നത്.

നാട്ടുകാരേയും വ്യാപാരികളേയും ഉൾപ്പടെ കുട്ടിയുടെ ഫോട്ടോ കാണിച്ചുള്ള തിരച്ചിലും പുരോ​ഗമിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസും ആർ.പി.എഫ് ഉദ്യോ​ഗസ്ഥരും പരിശോധിക്കുന്നുണ്ട് . ഈ ദൃശ്യങ്ങളിലാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

അതിനിടെ, കന്യാകുമാരിയിൽ പുലർച്ചെ 5.30-ന് കുട്ടിയെ കണ്ടെന്ന് പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവർ പോലീസിന് വിവരം നൽകി. ഓട്ടം പോകാനാണോ എന്ന് അന്വേഷിച്ചപ്പോൾ കുട്ടി മറുപടി നൽകിയില്ലെന്നും ഇതോടെ താൻ അവിടെനിന്ന് പോയെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. ഈ പ്രദേശത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

കുട്ടിയുടെ സഹോദരൻ ചെന്നൈയിലാണ് ജോലിചെയ്യുന്നത്. അതിനാൽ ഇവിടേക്ക് കുട്ടി എത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ, ചെന്നൈയിലുള്ള സഹോദരന്റെ അടുത്തേക്ക് മകൾ പോകാൻ സാധ്യതയില്ലെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. അസമിലേക്ക് പോകുമെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻ കുട്ടി അറിയിച്ചിട്ടുണ്ട്.

കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മീക് തംസമിനെയാണ് ചൊവ്വാഴ്ച രാവിലെ 10- മണിയോടെ കാണാതായത്. മാതാപിതാക്കൾ വൈകീട്ട് നാലോടെയാണ് വിവരം കഴക്കൂട്ടം പോലീസിൽ അറിയിച്ചത്. പിന്നാലെ സി.സി.ടി.വി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ കുട്ടിയെ കണ്ടെന്ന് ഇതേ ട്രെയിനിലെ യാത്രക്കാരി പോലീസിനെ അറിയിച്ചതാണ് കേസിൽ വഴിത്തിരിവായത്. ട്രെയിനിലിരുന്ന് കരയുന്നതു കണ്ട് ഇവർ കുട്ടിയുടെ ചിത്രം പകർത്തുകയായിരുന്നു. ഈ ചിത്രം പോലീസ് കുട്ടിയുടെ പിതാവിനെ കാണിച്ചു. ചിത്രത്തിലുള്ളത് തസ്മീക് തന്നെയാണെന്ന് പിതാവ് അൻവർ ഹുസൈൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെയാണ് പോലീസ് കന്യാകുമാരിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.