കെ.എസ്.എഫ്.ഇ വളാഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സംഭവത്തിൽ പോലീസ് സംഘം രേഖകൾ പരിശോധിക്കുന്നു
വളാഞ്ചേരി: കെ.എസ്.എഫ്.ഇ.യുടെ വളാഞ്ചേരി ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തി 1,00,48,996 രൂപ തട്ടിയെടുത്തതായി കേസ്. ജീവനക്കാര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ശാഖാ മാനേജര്‍ ലിനിമോള്‍ വളാഞ്ചേരി പോലീസിന് നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായത്.
സംഭവത്തില്‍ ശാഖയിലെ അപ്രൈസര്‍ വളാഞ്ചേരി സ്വദേശി രാജന്‍ (67), തിരുവേഗപ്പുറ വിളത്തൂര്‍ സ്വദേശികളായ പടപ്പത്തൊടി അബ്ദുല്‍ നിഷാദ് (35), കാവുംപുറത്ത് മുഹമ്മദ് ഷെരീഫ് (32), പനങ്ങാട്ടുതൊടി റഷീദലി (40), പാറത്തോട്ടില്‍ മുഹമ്മദ് അഷറഫ് (37) എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
എല്ലാവരും ഒളിവിലാണെന്നും തട്ടിപ്പ് നടന്ന സമയത്തുണ്ടായിരുന്ന മാനേജര്‍, അപ്രൈസര്‍ തുടങ്ങിയവര്‍ക്കെതിരേയും അന്വേഷണമുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
2023 ഒക്ടോബറിനും 2024 ജനുവരിക്കുമിടയില്‍ പത്ത് അക്കൗണ്ടുകളിലായി മുക്കുപണ്ടം പണയപ്പെടുത്തിയാണ് ഇവര്‍ പണം കൈക്കലാക്കിയത്. 221 പവന്‍ മുക്കുപണ്ടം വെച്ചു.
പരിശോധനകള്‍ തുടരുകയാണെന്നും തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിക്കാന്‍ ഇടയുണ്ടെന്നും പോലീസ് പറഞ്ഞു.
തിരൂര്‍ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നിര്‍ദേശപ്രകാരം വളാഞ്ചേരി എസ്.എച്ച്.ഒ. ബഷീര്‍ ചിറക്കല്‍, എസ്.ഐ വി. അമീറലി എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്ന് ശാഖാമാനേജര്‍ ലിനിമോള്‍ പറഞ്ഞു.
