കനത്ത കാറ്റിൽ മരം വീണ് പുതുവലിൽ ഷാജിയുടെ വീട് തകർന്ന നിലയിൽ

കോട്ടയം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. തെക്കൻ ജില്ലകളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. കോട്ടയം പള്ളത്ത് ശക്തമായ കാറ്റിൽ മരം വീണ് വീട് ഭാ​ഗികമായി തകർന്നു. ബുക്കാന പുതുവലിൽ ഷാജിയുടെ വീടാണ് തകർന്നത്. പള്ളം, പുതുപ്പള്ളി , എംജി യൂണിവേഴ്സിറ്റി, കിടങ്ങൂർ ഭാഗങ്ങളിലും മരം വീണു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. കോട്ടയം കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരത്ത് മരം വീണ് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

കനത്ത കാറ്റിൽ പലയിടത്തും മരങ്ങൾ പാളത്തിലേക്ക് വീണതിനെ തുടർന്ന് കോട്ടയം, ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു. തകഴിയിൽ പാളത്തിന് കുറുകെ മരം വീണതിനാൽ 06014 കൊല്ലം-ആലപ്പുഴ മെമു ഹരിപ്പാട് പിടിച്ചിട്ടു. തുമ്പോളിയിലും ട്രാക്കിലേക്ക് മരം വീണ് തീവണ്ടികൾ വൈകുകയാണ്.

ട്രാക്കിൽ മരം വീണതിനാൽ ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്ക്‌ പോകുന്ന തീവണ്ടികളാണ് വൈകിയോടുന്നത്. എറണാകുളം – തിരുവനന്തപുരം, കോട്ടയം – തിരുവനന്തപുരം, ആലപ്പുഴ – തിരുവനന്തപുരം ഭാഗത്തേക്ക്‌ ട്രെയിനുകൾ കുഴപ്പമില്ലാതെ ഓടുന്നുണ്ട്. കോട്ടയം വഴിയുള്ള പാലരുവി എക്സ്പ്രസ് രാവിലെ ഓച്ചിറയിൽ ദീർഘനേരം പിടിച്ചിട്ടിരുന്നു. കൊല്ലം പരവൂർ ഭാഗത്തും പാളത്തിൽ മരംവീണിട്ടുണ്ട്.

തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു എട്ട് ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മഞ്ഞ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വ്യാഴാഴ്ച മുതൽ മഴയ്ക്ക് ശക്തി കുറയുമെന്നാണ് പ്രവചനം.