പ്രതീകാത്മക ചിത്രം
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ഡ്യൂട്ടിയിലായിരുന്ന എ.എസ്.ഐ. അർധരാത്രി മദ്യലഹരിയിൽ അഴിഞ്ഞാടി. വിവരമറിഞ്ഞ് പോലീസെത്തിയപ്പോഴേക്കും ഔദ്യോഗികവാഹനമുപേക്ഷിച്ച് ഓട്ടോയിൽക്കയറി രക്ഷപ്പെട്ടു. സംഭവത്തിൽ രഹസ്യാന്വേഷണവിഭാഗം ഉന്നത പോലീസുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.
കോട്ടയം കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിന് സമീപം തിങ്കളാഴ്ച അർധരാത്രിക്കുശേഷമായിരുന്നു സംഭവം. പോലീസ് കൺട്രോൾ റൂമിലെ എ.എസ്.ഐ.യാണ്, മദ്യലഹരിയിൽ നാട്ടുകാരെ വെല്ലുവിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സെൻട്രൽ ജങ്ഷനിലെ പോലീസ് കൺട്രോൾ റൂം വാഹനത്തിലെ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് പരാക്രമം.
മദ്യലഹരിയിൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപമുണ്ടായിരുന്നവരുമായി വാക്കേറ്റത്തിലേർപ്പെടുകയും, തുടർന്ന് തർക്കവും ഉന്തും തള്ളും ഉണ്ടാവുകയുംചെയ്തു. സംഭവമറിഞ്ഞ് കോട്ടയം വെസ്റ്റ് പോലീസെത്തിയപ്പോഴേക്കും, എ.എസ്.ഐ. കൺട്രോൾ റൂം വാഹനം ഉപേക്ഷിച്ച് ഓട്ടോയിൽ രക്ഷപ്പെട്ടു. ഉദ്യോഗസ്ഥനെക്കൂടാതെ സി.പി.ഒ.യും ഡ്രൈവറുമാണ് പോലീസ് വാഹനത്തിലുണ്ടായിരുന്നത്. മുങ്ങിയ എ.എസ്.ഐ. ഒരുദിവസം കഴിഞ്ഞിട്ടും പൊങ്ങിയില്ല.
