കഴക്കൂട്ടത്തുനിന്ന് കാണാതായ പെൺകുട്ടി

തിരുവനന്തപുരം : കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസ്സുകാരി നാഗര്‍കോവില്‍ റെയില്‍വേ സ്‌റ്റേഷനിലിറങ്ങി തിരികെ ട്രെയിനില്‍ കയറി യാത്രതുടര്‍ന്നതായി വിവരം. പെണ്‍കുട്ടി കഴിഞ്ഞദിവസം നാഗര്‍കോവില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ട്രെയിനില്‍നിന്നിറങ്ങിയ പെണ്‍കുട്ടി സ്റ്റേഷനില്‍നിന്ന് കുപ്പിയില്‍ വെള്ളം നിറച്ചശേഷം അതേ ട്രെയിനില്‍ തന്നെ കയറി യാത്രതുടരുകയായിരുന്നു.

പെണ്‍കുട്ടി കന്യാകുമാരിയില്‍ എത്തിയെന്ന നിഗമനത്തിലാണ് നിലവില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കേരള പോലീസിന് പുറമേ തമിഴ്‌നാട് പോലീസും റെയില്‍വേ പോലീസും ആര്‍.പി.എഫും കന്യാകുമാരിയിലും പരിസരപ്രദേശങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍, ബുധനാഴ്ച രാവിലെ മുതല്‍ കന്യാകുമാരി മേഖലയില്‍ തിരച്ചില്‍ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.