ജയ്ഷാ | PTI
ന്യൂഡല്‍ഹി : അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനായ ഐ.സി.സിയുടെ പുതിയ ചെയര്‍മാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നിയമിതനായേക്കുമെന്ന് റിപ്പോര്‍ട്ട്. ചെയര്‍മാനായ ഗ്രഗ് ബാര്‍ക്ലേയുടെ പകരക്കാരനായിട്ടാകും ജയ് ഷായെത്തുക. സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് ബാര്‍ക്ലേ ഐ.സി.സി. ഡയറക്ടര്‍മാരോട് പറഞ്ഞതായാണ് വിവരം. കഴിഞ്ഞ നവംബറില്‍ ജയ്ഷാ പുതിയ ഐ.സി.സി ചെയര്‍മാനായി വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രണ്ട് വട്ടം ഐ.സി.സി ചെയര്‍മാനായ ബാര്‍ക്ലേ ഒരു തവണ കൂടി ചെയര്‍മാന്‍ സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലാവധി നവംബറില്‍ അവസാനിക്കുന്നതോടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങും. പുതിയ ഐ.സി.സി ചെയര്‍മാനായി ജയ് ഷാ വന്നേക്കും. 2020-ല്‍ ഐ.സി.സിയുടെ തലപ്പത്തെത്തിയ ബാര്‍ക്ലേ 2022-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
നിലവില്‍ ബി.സി.സി.ഐ സെക്രട്ടറിയായ ജയ്ഷായ്ക്ക് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി. ചെയര്‍മാനായി ജയ്ഷാ മാറും. ജഗ്‌മോഹന്‍ ഡാല്‍മിയ, ശരദ് പവാര്‍,എന്‍ ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവരാണ് ഇതിന് മുമ്പ് ഐ.സി.സി. തലപ്പത്തെത്തിയ ഇന്ത്യക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ കൂടിയായ ജയ്ഷാ ഐ.സി.സി ചെയര്‍മാനാകുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യക്കാരനെന്ന നേട്ടത്തിനരികെയാണ്.
