കന്യാകുമാരി റെയിൽവേ സ്റ്റേഷൻ (ഇടത്), കാണാതായ പെൺകുട്ടി (വലത്)

തിരുവനന്തപുരം∙ അസം സ്വദേശിയായ 13 വയസ്സുകാരിയെ തേടിയുള്ള അന്വേഷണം 27 മണിക്കൂർ പിന്നിടുമ്പോഴും ഒരു സൂചനയും ലഭിക്കാതെ പൊലീസ്. കഴക്കൂട്ടത്തെ അതിഥി തൊഴിലാളിയുടെ മകളെ ഇന്നലെ രാവിലെ പത്തു മണിയോടെയാണ് കാണാതായത്. കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ കയറിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കന്യാകുമാരി റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പെൺകുട്ടി റെയിൽവേ സ്റ്റേഷനിലെത്തിയതിന്റെ തെളിവുകൾ സിസിടിവിയിൽനിന്ന് ലഭിച്ചിട്ടില്ല.

പെൺകുട്ടി ചെന്നൈയിലുള്ള സഹോദരന്റെ അടുത്തും എത്തിയില്ലെന്ന് അന്വേഷണത്തിൽ മനസ്സിലായി. കുട്ടി നെയ്യാറ്റിൻകരവരെ ഉണ്ടായിരുന്നതായി ട്രെയിനിലുണ്ടായിരുന്ന യുവതി പൊലീസിനെ അറിയിച്ചിട്ടുണ്ട്. മറ്റേതെങ്കിലും സ്റ്റേഷനിലിറങ്ങിയോ എന്നു പരിശോധിക്കുന്നു. സഹോദരങ്ങളോട് വഴക്ക് കൂടിയതിന് അമ്മ വഴക്കു പറഞ്ഞതിനാണ് കുട്ടി വീടുവിട്ടിറങ്ങിയത്. അസമിൽനിന്നുള്ള തൊഴിലാളിയുടെ കുടുംബം കേരളത്തിലെത്തിയിട്ട് ഒരു മാസം ആകുന്നതേയുള്ളൂ. അസമീസ് ഭാഷ മാത്രമാണ് കുട്ടിക്ക് അറിയാവുന്നത്. കന്യാകുമാരി പൊലീസുമായി സഹകരിച്ചാണ് അന്വേഷണം. വിവരം ലഭിക്കുന്നവർ 9497960113, 112 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.