യുവതിക്കെതിരെ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങൾ | Photo: Screen Grab / X @AnindyaDas1
ആഗ്ര : രാത്രിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്തുടര്‍ന്ന് നടുറോഡില്‍ അതിക്രമം. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. രണ്ട് ബൈക്കുകളിലെത്തിയ അഞ്ചംഗസംഘമാണ് യുവതിയെ പിന്തുടര്‍ന്ന് അതിക്രമിച്ചത്. യുവതിക്കെതിരായ അതിക്രമത്തിന്റെ ദൃശ്യം പിന്നിലുണ്ടായിരുന്ന വാഹനത്തില്‍നിന്ന് പകര്‍ത്തിയത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ഏതാനും കിലോമീറ്റര്‍ ദൂരം സംഘം യുവതിയെ പിന്തുടര്‍ന്നു. ഇതിനിടെ അക്രമികള്‍ യുവതിയെ പിടിച്ചുവലിക്കാനും ചവിട്ടിവീഴ്ത്താനും ശ്രമിച്ചു. ഒടുവില്‍ ട്രാഫിക് പോലീസുകാരനെ കണ്ടതോടെയാണ് അതിക്രമത്തിന് അറുതിയായത്. പോലീസുകാരന്‍ അക്രമികളില്‍ നിന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു. അതേസമയം യു.പി. പോലീസ് സംഭവത്തെ കുറിച്ച് ഒരു വിശദീകരണവും ഇതുവരെ നല്‍കിയിട്ടില്ല.
അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യത്തോടെ നിരവധി പേരാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും സര്‍ക്കാരിനേയും പോലീസ് മേധാവിയേയുമെല്ലാം ടാഗ് ചെയ്തുകൊണ്ടാണ് പലരും വീഡിയോ പങ്കുവെച്ചത്.
