സമോവ താരം ദാരിയൂസ് വിസ്സറിന്റെ ബാറ്റിങ്, യുവരാജ് സിങ്
ദുബായ് ∙ രാജ്യാന്തര ട്വന്റി20യിൽ ഒറ്റ ഓവറിൽ ഏറ്റവും കൂടുതൽ റൺസെന്ന യുവരാജ് സിങ്ങിന്റെ പേരിലുള്ള റെക്കോർഡ് 17 വർഷങ്ങൾക്കു ശേഷം തകർന്നു. തുടർച്ചയായി ആറു സിക്സറുകളുമായാണ് ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് പിറന്ന ഓവറെന്ന റെക്കോർഡ് യുവരാജ് കുറിച്ചതെങ്കിൽ, ഒരു ഓവറിൽ 39 റൺസ് അടിച്ചുകൂട്ടിയാണ് സമാവോ താരം ദാരിയൂസ് വിസ്സർ പുതിയ റെക്കോർഡിട്ടത്. ട്വന്റി20 ലോകകപ്പ് സബ് റീജിയനൽ ഈസ്റ്റ് ഏഷ്യ–പസിഫിക് യോഗ്യതാ എ ഗ്രൂപ്പ് മാച്ചിലാണ് സമാവോ താരം റെക്കോർഡ് പ്രകടനവുമായി തിളങ്ങിയത്.
മത്സരത്തിൽ പസിഫിക് ദ്വീപ് രാജ്യമായ വനൗതുവിന്റെ നളിൻ നിപികോയ്‌ക്കെതിരെയാണ് ഒരു ഓവറിൽ 39 റൺസ് പിറന്നത്. ഈ ഓവറിൽ വിസ്സർ ആറു സിക്സറുകൾ നേടിയപ്പോൾ, നിപികോ മൂന്നു നോബോളുകൾ കൂടി എറിഞ്ഞതാണ് റെക്കോർഡ് തകർത്ത പ്രകടനത്തിലേക്കു നയിച്ചത്.
പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലിഷ് താരം സ്റ്റുവാർട്ട് ബ്രോഡിനെതിരെയാണ് യുവരാജ് ആറു പന്തും സിക്സടിച്ച് റെക്കോർഡിട്ടത്. യുവിക്കു ശേഷം വിൻഡീസ് താരം കീറോണ്‍ പൊള്ളാർഡ് (ശ്രീലങ്കയ്‌ക്കെതിരെ), രോഹിത് ശർമ, റിങ്കു സിങ് (അഫ്ഗാനിസ്ഥാനെതിരെ), നേപ്പാൾ താരം ദീപേന്ദ്ര സിങ് അയ്റീ (ഖത്തറിനെതിരെ), വിൻഡീസിന്റെ തന്നെ നിക്കോളാസ് പുരാൻ (അഫ്ഗാനിസ്ഥാനെതിരെ) എന്നിവരും ഒരു ഓവറിൽ 36 റൺസ് നേടിയിട്ടുണ്ട്.
നിപികോയുടെ ഓവറിലെ ആദ്യ മൂന്നു പന്തുകളിൽ വിസ്സർ സിക്സർ കണ്ടെത്തി. നാലാം പന്തിനു മുൻപേ താരത്തിന്റെ വക ഒരു നോബോൾ. നാലാം പന്തിൽ വീണ്ടും സിക്സർ. അഞ്ചാം പന്ത് ഡോട്ട് ബോളാക്കിയെങ്കിലും, അടുത്ത പന്തിൽ നിപികോയ്ക്കു വീണ്ടും പിഴച്ചു. ഓവറിലെ രണ്ടാം നോബോൾ. പിന്നാലെ നിപികോ വീണ്ടുമെറിഞ്ഞ നോബോളിൽ വിസ്സറിന്റെ സിക്സർ. അവസാന പന്തിൽ വീണ്ടും വിസ്സർ സിക്സർ കണ്ടെത്തിയതോടെ ആ ഓവറിൽ പിറന്നത് ആകെ 39 റൺസ്!
രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന ആദ്യ സമാവോ താരമെന്ന റെക്കോർഡും ദാരിയൂസ് വിസ്സർ സ്വന്തമാക്കി. ആകെ 62 പന്തുകൾ നേരിട്ട വിസ്സർ 14 കൂറ്റൻ സിക്സറുകളും അഞ്ച് ഫോറും സഹിതം അടിച്ചുകൂട്ടിയത് 132 റൺസ്!
മത്സരത്തിൽ ടോസ് നേടിയ സമാവോ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിസ്സറിന്റെ സെഞ്ചറി പ്രകടനം കഴിഞ്ഞാൽ സമാവോ നിരയിൽ രണ്ടക്കത്തിലെത്തിയ ഏക താരം ക്യാപ്റ്റൻ സാലെബ് ജസ്മത്താണ്. 21 പന്തിൽ 16 റൺസാണ് താരത്തിന്റെ സമ്പാദ്യം. ക്രീസിലെത്തിയ ബാക്കി ഒൻപതു പേർക്കും രണ്ടക്കം കാണാനായില്ലെങ്കിലും നിശ്ചിത 20 ഓവറിൽ സമാവോ അടിച്ചുകൂട്ടിയത് 174 റൺസ്. മറുപടി ബാറ്റിങ്ങിൽ വനൗതു ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 164 റണ്‍സിൽ ഒതുങ്ങി. വിസ്സർ നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.
