പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയില്‍ 14 സ്‌കൂള്‍വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ട് ടൈം എന്‍.സി.സി. ട്രെയിനറും നാം തമിഴര്‍ കക്ഷി നേതാവുമായ ശിവരാമനടക്കം 11 പേരെ പോലീസ് അറസ്റ്റു ചെയ്തു.

ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളെ താമസിപ്പിച്ച് നടത്തിയ അഞ്ചുദിവസത്തെ എന്‍.സി.സി. ക്യാമ്പിലാണ് പീഡനമുണ്ടായത്. എന്നാല്‍, ഈ ക്യാമ്പ് എന്‍.സി.സി. അധികൃതരുടെ അറിവോടെയല്ലെന്ന് പോലീസ് പറഞ്ഞു. എന്‍.സി.സി. ട്രെയിനര്‍ ശിവരാമന്‍, സ്‌കൂള്‍ ചെയര്‍മാന്‍, സ്‌കൂള്‍ കറസ്പോണ്ടന്റ് എന്നിവരുള്‍പ്പെടെ 11 പേരാണ് അറസ്റ്റിലായിട്ടുള്ളതെന്ന് പോലീസ് തിങ്കളാഴ്ച അറിയിച്ചു.

ഒരു വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. എന്‍.സി.സി. ട്രെയിനര്‍ തിങ്കളാഴ്ച പോലീസിന് നല്‍കിയ മൊഴിയിലും 14 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയിരുന്നു.

ഓഗസ്റ്റ് ഒന്‍പതിന് ക്യാമ്പില്‍ പീഡിപ്പിക്കപ്പെട്ട ഒരു വിദ്യാര്‍ഥിനി സ്‌കൂളധ്യാപകരോടും പ്രിന്‍സിപ്പലിനോടും പരാതിപ്പെട്ടിരുന്നു. കടുത്ത വയറുവേദനയും ശരീരത്തില്‍ പരിക്കുകളുമേറ്റിരുന്ന വിദ്യാര്‍ഥിനി വിവരം മാതാപിതാക്കളോടും പറഞ്ഞു. ഉടനെ രക്ഷിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് 11 പേരും അറസ്റ്റിലായത്.

ഒളിവിലായിരുന്ന ശിവരാമനെ കോയമ്പത്തൂരില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. പോലീസിനെക്കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് കാലിനുപരിക്കേറ്റ ശിവരാമനെ കൃഷ്ണഗിരിയില്‍ ജില്ല ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ കാവേരിപട്ടിനത്തിലുള്ള മറ്റ് സ്വകാര്യ സ്‌കൂളുകളിലും പാര്‍ട്ട് ടൈം എന്‍.സി.സി. ട്രെയിനറായി ജോലി ചെയ്തിരുന്നു. ഈ സ്‌കൂളുകളിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.