അറസ്റ്റിലായ ഷിജിൻ സിദ്ദിഖ്

ആറ്റിങ്ങല്‍: ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹവാഗ്ദാനംനല്‍കി പീഡിപ്പിച്ചശേഷം പണവും സ്വര്‍ണവും കൈക്കലാക്കി ഗള്‍ഫിലേക്കു കടന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. വിതുര പെരിങ്ങമ്മല എന്‍.ടി.ബംഗ്ലാവില്‍ ഷിജിന്‍ സിദ്ദിഖാണ് (33) അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പക്കല്‍നിന്ന് 25 പവന്‍ സ്വര്‍ണാഭരണവും 2.5 ലക്ഷം രൂപയും തട്ടിയെടുത്തശേഷമാണ് ഇയാള്‍ ഗള്‍ഫിലേക്കു കടന്നത്. വിവാഹിതനായ ഷിജിന്‍ സിദ്ദിഖ് അവിവാഹിതനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെണ്‍കുട്ടിയോടു അടുത്തത്.

2022 സെപ്റ്റംബറില്‍ പെണ്‍കുട്ടിയെ തിരുവനന്തപുരത്തെ ഹോട്ടലില്‍ കൊണ്ടുപോയി നിരവധിതവണ ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കൈക്കലാക്കുകയായിരുന്നു. 2023 ജനുവരിയില്‍ പെണ്‍കുട്ടി ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കി. പരാതിയിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ പ്രതി ഗള്‍ഫിലേക്കു കടന്നു. ഇയാള്‍ തിരികെ നാട്ടിലെത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍വെച്ച് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ തടഞ്ഞുവെച്ച് പോലീസിനു കൈമാറുകയായിരുന്നു.

ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സജിത്ത്, എം.എസ്.ജിഷ്ണു, ഗ്രേഡ് എസ്.ഐ. ഷാനവാസ്, എസ്.സി.പി.ഒ. അനില്‍കുമാര്‍, ശരത് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാള്‍ ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.