ബി.സുജേഷ് കുമാർ, അബ്ദുൾ സലാം
കല്പറ്റ: വയനാട്ടില്‍നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലെത്തിച്ച് പൊളിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികള്‍ അറസ്റ്റിലായി. ജില്ലയില്‍ നിന്ന് തുടര്‍ച്ചയായി പിക്കപ്പ് വാഹനങ്ങള്‍ മോഷണംപോയ സംഭവത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. മുന്‍സൈനികനായ ആലപ്പുഴ തിരുവന്‍വണ്ടൂര്‍ ഓതറേത്ത് വീട്ടില്‍ ബി. സുജേഷ്‌കുമാര്‍ (44), കോഴിക്കോട് ഫറോക്ക് കക്കാട്ട്പറമ്പില്‍ വീട്ടില്‍ അബ്ദുള്‍ സലാം (37) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി അബ്ദുള്‍ സലാമിന് മുപ്പതോളം കേസുകളും സുജേഷ്‌കുമാറിന് പത്തോളം കേസുകളുമുണ്ട്.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയാന്വേഷണം നടത്തിയുമാണ് പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെയും തമിഴ്നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂര്‍, മേട്ടുപാളയം എന്നിവിടങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളാണ് പരിശോധിച്ചത്..
മാര്‍ച്ച് മൂന്നിന് കമ്പളക്കാട് അമ്പലച്ചാലിലെ ക്വാര്‍ട്ടേഴ്സിനുമുന്നില്‍ പാര്‍ക്ക് ചെയ്ത പിക്കപ്പ് വാഹനമാണ് ആദ്യം മോഷണംപോയത്. കമ്പളക്കാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ജൂലായ് 13-നും 14-നുമിടയില്‍ മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നമ്പറ്റ ഗ്രൗണ്ടിനു സമീപം നിര്‍ത്തിയിരുന്ന പിക്കപ്പ് മോഷ്ടിച്ചു.
ജൂലായ് 19-നും 20-നുമിടയില്‍ തൊണ്ടര്‍നാട് സ്റ്റേഷന്‍ പരിധിയിലും പിക്കപ്പ് മോഷണംപോയി. കോറോം, കടയങ്കല്‍ എന്ന സ്ഥലത്ത് എന്‍.എം. സിമന്റ് പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിന്റെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനമാണ് മോഷ്ടിച്ചത്.
പരിസരനിരീക്ഷണത്തിന്ശേഷംമാത്രം മോഷണം
ബൈക്കിലെത്തി പരിസരം നിരീക്ഷിച്ച ശേഷം വാഹനങ്ങള്‍ മോഷ്ടിക്കുന്നതാണ് മോഷ്ടാക്കളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കോറോത്ത് വാഹനം മോഷ്ടിക്കുന്നതിനുമുന്‍പായി 18-ന് അബ്ദുള്‍ സലാമും സുജേഷ്‌കുമാറും മാനന്തവാടിയില്‍ റൂമെടുത്ത് താമസിച്ചിരുന്നു.
മേപ്പാടി കുന്നമ്പറ്റ ഗ്രൗണ്ടിനു സമീപത്തുനിന്ന് മോഷണംപോയ പിക്കപ്പ് വാഹനം പാലക്കാട്ടുനിന്ന് ഓഗസ്റ്റ് 16-ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച ബൈക്കും കണ്ടെടുത്തു.
ഈ ബൈക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തുനിന്ന് മോഷണംപോയതാണ്. കമ്പളക്കാട്ടുനിന്ന് മോഷ്ടിക്കപ്പെട്ട വാഹനം കണ്ടെത്താനുള്ള ഊര്‍ജിതശ്രമം തുടരുന്നു.
മേപ്പാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. കെ.എസ്. അജേഷ്, എസ്.ഐ. ഹരീഷ് കുമാര്‍, എ.എസ്.ഐ. നൗഷാദ്, സീനിയര്‍ സി.പി.ഒ.മാരായ പി.എം. താഹിര്‍, ജിമ്മി ജോര്‍ജ്, എം. ബിജു, സി.പി.ഒ. ഷിന്റോ ജോസഫ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
പിടിയിലായത് ഇങ്ങനെ
പിന്നില്‍ ഒരേ സംഘമാവാമെന്ന നിഗമനത്തില്‍ മാനന്തവാടി എസ്.എം.എസ്. ഡിവൈ.എസ്.പി. എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്കാണ് കടത്തിയതെന്നു വ്യക്തമായതോടെ തൊണ്ടര്‍നാട് എസ്.ഐ. കെ. മൊയ്തു, എസ്.സി.പി.ഒ. റബിയത്ത് എന്നിവര്‍ തമിഴ്‌നാട്ടിലേക്കു തിരിച്ചു.
വാഹനങ്ങള്‍ പൊളിച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ജൂലായ് 26-ന് മേട്ടുപാളയം കുറുവനൂരില്‍വെച്ച് പിക്കപ്പ് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നാണ് സുജേഷ് കുമാറിനെ എറണാകുളത്തുനിന്നും അബ്ദുള്‍ സലാമിനെ പാലക്കാട്ടുനിന്നും പിടികൂടുന്നത്.
ജൂലായ് 29-ന് സുജേഷ് കുമാറിനെയും 31-ന് അബ്ദുള്‍ സലാമിനെയും അറസ്റ്റുചെയ്തു. സുജേഷ് കുമാറിനെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും അബ്ദുള്‍ സലാമിനെ തൊണ്ടര്‍നാട് എസ്.െഎ. സി. പവനന്‍, സി.പി.ഒ. ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘവുമാണ് പിടികൂടിയത്.
