ബണ്ടി സഞ്ജയ് കുമാർ, കെ. ചന്ദ്രശേഖർ റാവു, രേവന്ത് റെഡ്ഡി | Photo: ANI
ഹൈദരാബാദ്: ബി.ആർ.എസിനെ മുൻനിർത്തുയുള്ള ലയന ചർച്ചകൾ സജീവമാകുന്നു. ബി.ആർ.എസിനെ ബി.ജെ.പിയിൽ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കൊപ്പം ലയനം കോൺഗ്രസിലേക്കാണെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. ലയനം സംബന്ധിച്ച് കോൺഗ്രസ്, ബിജെപി നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്‌പോരാണ് നടക്കുന്നത്.
ബി.ആർ.എസ് ബി.ജെ.പിയിൽ ലയിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രവചിച്ച് അധികം താമസിയാതെ, ബി.ആർ.എസ് കോൺഗ്രസിൽ ലയിക്കുമെന്ന പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാർ രംഗത്തുവന്നു.
ബി.ആർ.എസ് ബി.ജെ.പിയിൽ ലയിക്കുമെന്നും കെ.സി.ആർ ഒരു സംസ്ഥാനത്തിന്റെ ഗവർണറാകുമെന്നുമാണ് രേവന്ത് റെഡ്ഡി പറഞ്ഞത്. കെ.ടി. രാമറാവു കേന്ദ്രമന്ത്രിയും ടി.ഹരീഷ് റാവു പ്രതിപക്ഷ നേതാവ് ആകുമെന്നും രേവന്ത് അഭിപ്രായപ്പെട്ടു. മാധ്യമ പ്രവർത്തകരോടുള്ള അനൗദ്യോഗിക സംസാരത്തിനിടെയാണ് ബി.ആർ.എസ്-ബി.ജെ.പി ലയനത്തെ കുറിച്ചുള്ള രേവന്ത് റെഡ്ഡിയുടെ പരാമർശം.
അതേസമയം, രേവന്തിന്റെ നിരീക്ഷണത്തിനെതിരേ ശക്തമായ ഭാഷയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാർ പ്രതികരിച്ചത്. കെ.സി.ആർ എ.ഐ.സി.സി അധ്യക്ഷനും കെ.കവിത രാജ്യസഭാംഗവും കെ.ടി.രാമറാവു പി.സി.സി അധ്യക്ഷനുമായിട്ടാവും ബി.ആർ.എസ് കോൺഗ്രസിൽ ലയിക്കുക എന്ന് സഞ്ജയ് കുമാർ തിരിച്ചടിച്ചു.
എന്നാൽ ലയനം സംബന്ധിച്ച വാക്‌പോരിനിടെ കോൺഗ്രസിനേയും ബി.ജെ.പിയേയും വിമർശിച്ച് ബി.ആർ.എസ് വർക്കിങ് പ്രസിഡന്റ് കെ.ടി.രാമറാവു രംഗത്തെത്തി. കോൺഗ്രസുമായോ ബി.ജെ.പിയുമായോ ലയനമില്ലെന്നും പാർട്ടി നിലവിൽ സുശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയതോടെ ബി.ആർ.എസ്. നേതാക്കൾ കോൺഗ്രസിലേക്കും ബി.ജെ.പി.യിലേക്കും ഒഴുകുകയാണ്. ലോക്സഭാ തിരഞ്ഞടുപ്പിൽ സീറ്റു ലഭിച്ചവർപോലും ബി.ആർ.എസിനെ വിട്ട് കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും സ്ഥാനാർഥികളായിരുന്നു. പാർട്ടി സെക്രട്ടറിജനറൽമുതൽ എം.പി.മാരും എം.എൽ.എ.മാരും ഹൈദരാബാദ് കോർപ്പറേഷൻ മേയർ, കൗൺസിലർമാർ എന്നിവരെല്ലാം ബി.ആർ.എസ്. വിട്ട് കോൺഗ്രസിലെത്തി.
തിരഞ്ഞെടുപ്പ് തോല്‍വിയും അഴിമതിയാരോപണങ്ങളും കെ.സി.ആറിന്റെ മകളും നിസാമാബാദ് എം.എൽ.എ.യുമായ കവിതയുടെ അറസ്റ്റും ഫോൺചോർത്തൽ വിവാദവുമാണ് ബി.ആർ.എസിന്റെ തകർച്ചയ്ക്കു പ്രധാന കാരണം. ബി.ആർ.എസിലെ പത്ത് പ്രമുഖനേതാക്കൾ പാർട്ടി വിട്ടു. കെ.സി.ആറിന്റെ വിശ്വസ്തൻ കേശവറാവു പാർട്ടിവിട്ടതാണ് വലിയ തിരിച്ചടി. കേശവറാവുവിന്റെ മകളും ഹൈദരാബാദ് മേയറുമായ വിജയലക്ഷ്മിയും പാർട്ടി വിട്ടു. ഉപമുഖ്യമന്ത്രിയായിരുന്ന കെ. ശ്രീഹരി, മകൾ കാവ്യ, മുൻമന്ത്രി ഇന്ദ്രകിരൺറെഡ്ഡി എന്നിവരും കോൺഗ്രസിൽ ചേർന്നു.
