SSLV-D1 | Photo: ANI Photo/ ISRO
ഐഎസ്ആർഒയുടെ സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്എസ്എല്‍വി) മൂന്നാമത്തെ പരീക്ഷണ വിക്ഷേപണം വിജയകരമായതോടെ ഭാവി ബഹിരാകാശ സ്വപ്നങ്ങളിൽ നാഴികക്കല്ലാകുന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ. ആഗോളതലത്തില്‍ ബഹിരാകാശ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സമയബന്ധിതമായി തങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ വിക്ഷേപണ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് ഇന്ത്യ എസ്എസ്എൽവി ഒരുക്കിയത്.
എസ്എസ്എൽവി റോക്കറ്റിൽ ഐഎസ്ആർഒ നടത്തുന്ന ഏറ്റവും ഒടുവിലത്തെ വിക്ഷേപണമാണ് ഇത്. റോക്കറ്റ് സ്വകാര്യ കമ്പനികൾക്ക് കൈമാറും. എസ്എസ്എൽവി റോക്കറ്റുകൾ ഐഎസ്ആർഒ വികസിപ്പിച്ചത് സ്വകാര്യ കമ്പനികൾക്ക് വേണ്ടിയാണ്. ഇതിനായി രൂപം നൽകിയ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്റ് ഓതറൈസേഷന്‍ (ഇന്‍ സ്പേസ്) എന്ന സ്വയംഭരണ ഏജന്‍സി ആയിരിക്കും എസ്എസ്എൽവി വിക്ഷേപണങ്ങളുടെ മേൽനോട്ടം വഹിക്കുക.
ഇന്ത്യയിൽ സ്വകാര്യ ബഹിരാകാശ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് ഇന്ത്യ. സ്‌കൈ റൂട്ട് എയറോസ്പേസ്, ധ്രുവ സ്പേസ്, അഗ്‌നികുല്‍ കോസ്മോസ്, പിക്സല്‍ തുടങ്ങി വിവിധ കമ്പനികള്‍ ഇതിനകം ഇന്ത്യയില്‍ തുടക്കമിട്ടുകഴിഞ്ഞു.
യുഎസിലെ സ്പേസ് എക്സ്, വിര്‍ജിന്‍ ഗാലക്ടിക്, ബ്ലൂ ഒറിജിന്‍, ബോയിങ്, യുണൈറ്റഡ് ലോഞ്ച് അലയന്‍സ്, ലോഖീദ് മാര്‍ട്ടിന്‍, റോക്കറ്റ് ലാബ് തുടങ്ങിയ സ്വകാര്യ ബഹിരാകാശ കമ്പനികളെ പോലെ ഇന്ത്യയിലും ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാന്‍ ഈ നീക്കങ്ങളിലൂടെ സാധിക്കും.
500 കിലോഗ്രാം ഭാരമുള്ള പേലോഡുകള്‍ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ എസ്എസ്എല്‍വിക്ക് സാധിക്കും. രണ്ട് മീറ്റര്‍ വ്യാസവും 34 മീറ്റര്‍ നീളവുമുള്ള റോക്കറ്റ് ആണിത്. ഖര ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് ഘട്ടങ്ങളും ദ്രവ ഇന്ധനം ഉപയോഗിക്കുന്ന ലിക്വിഡ് പ്രൊപ്പല്‍ഷന്‍ അധിഷ്ഠിത വെലോസിറ്റി ട്രിമ്മിങ് മോഡ്യൂള്‍ എന്ന അന്തിമ ഘട്ടവുമാണ് ഇതിനുള്ളത്.
വളരെ കുറഞ്ഞ ചിലവില്‍ വിക്ഷേപണങ്ങള്‍ നടത്താനാകുന്ന ഈ വിക്ഷേപണ വാഹനം പൂര്‍ണമായും സ്വകാര്യ കമ്പനികളുടെ വിക്ഷേപണങ്ങൾക്കായി ഐഎസ്ആര്‍ഒ വിട്ടുകൊടുക്കും. കുലശേഖര പട്ടണത്ത് എസ്എസ്എല്‍വി വിക്ഷേപണങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ബഹിരാകാശ വിക്ഷേപണ കേന്ദ്രവും ഐഎസ്ആര്‍ഓ നിര്‍മിക്കുന്നുണ്ട്. സ്വകാര്യ കമ്പനികളുടെ വിക്ഷേപണ ദൗത്യങ്ങള്‍ക്ക് വേണ്ടിയാണ് കുലശേഖര പട്ടണത്തെ കേന്ദ്രം നിര്‍മിക്കുന്നതെന്ന് ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്റ് ഓതറൈസേഷന്‍ (ഇന്‍ സ്പേസ്) ചെയര്‍മാന്‍ പവന്‍ ഗോയങ്ക നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ ശ്രീഹരിക്കോട്ടയിലാണ് എസ്എസ്എല്‍വി വിക്ഷേപണം നടക്കുന്നത്. പൂർണമായും ഉപയോഗത്തിൽ വരുന്നതോടെ ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനികളുടെ വിക്ഷേപണങ്ങൾ എസ്എസ്എൽവി റോക്കറ്റിലാവും.
ബഹിരാകാശ വിക്ഷേപണങ്ങള്‍ക്ക് ആവശ്യമായി വരുന്ന ഭീമമായ ചെലവ് വലിയൊരളവില്‍ കുറയ്ക്കാന്‍ രണ്ടാമത്തെ ബഹിരാകാശ കേന്ദ്രത്തിലൂടെ സാധിക്കുമെന്നാണ് ഇസ്രോ കണക്കാക്കുന്നത്. ഇന്ത്യയിലെ ഈ സാധ്യതകള്‍ വിദേശ രാജ്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താനാവും. എസ്എസ്എല്‍വി റോക്കറ്റിന്റെ ഉപയോഗവും, കുലശേഖരപട്ടണത്ത് നിന്നുള്ള വിക്ഷേപണങ്ങളും ഐഎസ്ആര്‍ഒയ്ക്ക് കൂടുതല്‍ വരുമാനും നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.
