അങ്കോലയിലെ ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലി നദിയിൽ തിരച്ചിൽ നടത്തുന്ന നാവിക സേനാ സംഘം കനത്ത മഴയെ തുടർന്ന് തിരിച്ച് കയറുന്നു.
ഷിരൂർ ∙ ഗംഗാവലിപുഴയിൽ കലക്കവെള്ളമായതിനാൽ അർജുനെ കണ്ടെത്താനുള്ള ദൗത്യം ദുഷ്കരമായേക്കുമെന്നു വിലയിരുത്തൽ. നാവികസേന ഗംഗാവലി പുഴയിൽ തിരച്ചിൽ തുടങ്ങി. എൻഡിആർഎഫിന്റെ മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തും. കലക്കവെള്ളമായതിനാൽ നദിക്ക് അടിയിലെ ദൃശ്യങ്ങൾ കാണാനാകുന്നില്ലെന്നു മുങ്ങൽവിദഗ്ധൻ ഈശ്വർ മൽപെ പറഞ്ഞു. പുഴയിലേക്ക് മറിഞ്ഞ വലിയ ആൽമരവും ഇന്ന് കരയ്ക്കെത്തിക്കും. കാർവാറിൽ നിന്നാണു നാവികസേനയുടെ സംഘമെത്തിയിരിക്കുന്നത്.
അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും തിരച്ചിൽ നടത്തുക. ഈ ഭാഗം കഴിഞ്ഞ ദിവസം നാവികസേന അടയാളപ്പെടുത്തിയിരുന്നു. അന്നു മണ്ണിടിച്ചിലിൽ കാണാതെ പോയ ടാങ്കറിന്റേതെന്നു സംശയിക്കപ്പെടുന്ന ലോഹഭാഗങ്ങൾ കിട്ടിയ ഭാഗവും അടയാളപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഡ്രജർ എത്തുന്നതുവരെ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചാകും തിരച്ചിൽ തുടരുക. അർജുൻ ഉൾപ്പെടെ മൂന്നുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കർണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരാണു കാണാതായ മറ്റുള്ളവർ.
മഴ മാറിനിന്നു കാലാവസ്ഥ അനുകൂലമാണെങ്കിലും ഇന്നു വെള്ളം കലങ്ങിയൊഴുകുകയാണ്. കഴിഞ്ഞദിവസം മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. കാഴ്ചാപരിമിതി പ്രശ്നമാകുമോയെന്നാണ് ഇന്നത്തെ അനിശ്ചിതത്വം. ആഴത്തിലേക്കു പോയാലും വലിയ പാറക്കഷണങ്ങളും മരങ്ങളും മണ്ണും ഉൾപ്പെടെയുള്ളവ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. ഇവയുടെ അടിയിലാകാം ലോറിയുടെ ഭാഗങ്ങളും മറ്റുമെന്നാണു കരുതുന്നത്.
