Photo: ANI
ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടത്തിനു പിന്നാലെ ഇന്ത്യന്‍ ഗുസ്തി താരം അമന്‍ ഷെരാവത്തിന് ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കി ഉത്തര റെയില്‍വേ. ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (ഒ.എസ്.ഡി) തസ്തികയിലേക്കാണ് താരത്തിന് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.
ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 57 കി.ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ 21-കാരനായ അമന്‍ വെങ്കലം സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ ഒളിമ്പിക് മെഡല്‍ ജേതാവെന്ന റെക്കോഡും അമന്‍ സ്വന്തമാക്കിയിരുന്നു.
ഉത്തര റെയില്‍വേ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ജനറല്‍ മാനേജര്‍ ശ്രീ. ശോഭന്‍ ചൗധരി അമന്‍ ഷെരാവത്തിനെ അഭിനന്ദിച്ചു. ഈ ചടങ്ങില്‍ ഉത്തര റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് പേഴ്‌സണല്‍ ഓഫീസര്‍ സുജിത്ത് കുമാര്‍ മിശ്ര അമന് പ്രൊമോഷന്‍ ലെറ്റര്‍ കൈമാറി.
നേരത്തേ ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടിയ മഹാരാഷ്ട്ര സ്വദേശി സ്വപ്‌നില്‍ കുശാലെയ്ക്ക് റെയില്‍വേ ഡബിള്‍ പ്രൊമോഷന്‍ നല്‍കിയിരുന്നു. ട്രാവലിങ് ടിക്കറ്റ് എക്സാമിനറായിരുന്ന (ടിടിഇ) സ്വപ്നിലിന് മുംബൈയിലെ സ്‌പോര്‍ട്‌സ് സെല്ലിലെ ഇന്ത്യന്‍ റെയില്‍വേയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) ആയാണ് സ്ഥാനക്കയറ്റം നല്‍കിയത്.
