ഇസ്രോ പങ്കുവെച്ച ചിത്രം | Photo:@isro
ശ്രീഹരിക്കോട്ട: ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എൽ.വി.) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാംനമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-08നെയും വഹിച്ചുകൊണ്ടാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് രാവിലെ 9.17-ന് റോക്കറ്റ് കുതിച്ചത്.
എസ്.എസ്.എൽ.വി.യുടെ അവസാന പരീക്ഷണ വിക്ഷേപണമാണിത്. വിക്ഷേപണവാഹനം പൂർണസജ്ജമായതായി പ്രഖ്യാപിക്കുകയും വാണിജ്യ വിക്ഷേപണങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യും. 2002 ഓഗസ്റ്റിൽനടന്ന ആദ്യ എസ്.എസ്.എൽ.വി. വിക്ഷേപണം പരാജയമായിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽനടന്ന രണ്ടാം വിക്ഷേപണം വിജയമായി.
മൂന്നാം വിക്ഷേപണത്തിൽ ഭൗമനിരീക്ഷണോപഗ്രഹത്തെ ഭൂമിയിൽനിന്ന് 475 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക. ഒരുവർഷം പ്രവർത്തനകാലാവധിയുള്ള ഇ.ഒ.എസ്.-08 ചെറു ഉപഗ്രഹത്തിൽ മൂന്നു നിരീക്ഷണോപകരണങ്ങളാണുണ്ടാവുക. 175.5 കിലോഗ്രാമാണ് ഭാരം.
പി.എസ്.എൽ.വി.ക്കും ജി.എസ്.എൽ.വി.ക്കും പുറമേ ഐ.എസ്.ആർ.ഒ. ഉപയോഗിക്കുന്ന മൂന്നാമത്തെ വിക്ഷേപണ വാഹനമാണ് എസ്.എസ്.എൽ.വി. രണ്ടുമീറ്റർ വ്യാസവും 34 മീറ്റർ ഉയരവുമുള്ള എസ്.എസ്.എൽ.വി.ക്ക് 120 ടൺ ഭാരമുണ്ട്. 56 കോടി രൂപയാണ് നിർമാണച്ചെലവ്. നിർമാണസമയവും വിക്ഷേപണച്ചെലവും വളരെ കുറവാണെന്നതാണ് വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന എസ്.എസ്.എൽ.വി.യുടെ സവിശേഷത.
