പ്രതീകാത്മക ചിത്രം

കൊൽക്കത്ത: ബംഗാളിൽ മെഡിക്കൽ കോളേജിൽ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടർ അവസാനമായി ഡയറിയിൽ കുറിച്ച ഹൃദയഭേദക കുറിപ്പ് വിവരിച്ച് പിതാവ്. അവളുടെ സ്വപ്നത്തിലേക്കുള്ള യാത്രയെക്കുറിച്ച് അവൾ അവസാനമായി എഴുതിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതെല്ലാം തകർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോക്ടർ ഓഫ് മെഡിസിൻ(എം.ഡി) പരീക്ഷയിൽ ഒന്നാമതായി സ്വര്‍ണ മെഡല്‍ നേടാനായിരുന്നു അവൾ ആഗ്രഹിച്ചിരുന്നത്. ഇക്കാര്യം ഡയറിക്കുറിപ്പിൽ അവസാന കുറിപ്പായി അവൾ എഴുതിവെച്ചിരുന്നു. കൊല്ലപ്പെടും മുമ്പ് എഴുതിയ ഡയറിക്കുറിപ്പിനെക്കുറിച്ച് പിതാവ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

മകൾ നന്നായി പഠിക്കുമായിരുന്നു. അവളെ ഒരു ഡോക്ടറായി കാണാൻ കുടുംബം ഒരുപാട് പ്രയാസം നേരിട്ടു. അവളുടെ ലക്ഷ്യത്തിലെത്താൻ വേണ്ടി അവളും പ്രയത്നിച്ചു. 10-12 മണിക്കൂറോളം ദിവസവും അവളുടെ സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ വേണ്ടി അവൾ പരിശ്രമിച്ചു. എന്നാൽ എല്ലാം തകർന്നിരിക്കുന്നു- പിതാവ് പറഞ്ഞു.

ബംഗാളിലെ ആർ.കെ. കർ മെഡിക്കൽ കോളേജിൽ പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണ് വനിതാ ഡോക്ടർ കൊല്ലപ്പെടുന്നത്. നിരവധി മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ആത്മഹത്യയെന്നായിരുന്നു മാതാപിതാക്കളെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് തിരുത്തുകയായിരുന്നു. ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ ബംഗാളിൽ ശക്തമായ പ്രതിഷേധങ്ങൾക്കാണ് സാക്ഷിയാകുന്നത്. അതിക്രൂരമായ മർദ്ദനത്തിനൊടുവിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.