Photo: PTI

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് ആദരവുമായി ഹോക്കി ഇന്ത്യ. പാരീസ് ഒളിമ്പിക്‌സോടെ വിരമിച്ച ശ്രീജേഷിനൊപ്പം അദ്ദേഹം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജേഴ്‌സിയും വിരമിക്കുന്നതായി ഹോക്കി ഇന്ത്യ ബുധനാഴ്ച പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്‌സിലും പാരീസ് ഒളിമ്പിക്‌സിലും ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കലം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീജേഷ് അര്‍ഹിക്കുന്ന ആദരമാണ് ഇപ്പോള്‍ ഹോക്കി ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്. രണ്ട് പതിറ്റാണ്ടോളം അഭിമാനത്തോടെ ശ്രീജേഷ് അണിഞ്ഞ 16-ാം നമ്പര്‍ ജേഴ്‌സി ഇനി സീനിയര്‍ ടീമില്‍ ആര്‍ക്കും ലഭിക്കില്ല.

പാരീസ് ഒളിമ്പിക്‌സോടെ വിരമിക്കുമെന്ന് നേരത്തേ തന്നെ ശ്രീജേഷ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് മെഡല്‍ നേട്ടത്തോടെ തന്റെ വിരമിക്കല്‍ ഗംഭീരമാക്കാനും അദ്ദേഹത്തിനായി. ഗെയിംസിലെ എട്ടു മത്സരങ്ങളിലായി നേരിട്ട 62 ഷോട്ടുകളില്‍ 50 എണ്ണം സേവ് ചെയ്ത താരത്തിന്റെ അസാമാന്യപ്രകടനമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ നിര്‍ണായകമായത്.

അതേസമയം കളിക്കളത്തില്‍നിന്നു വിരമിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശ്രീജേഷിന് ഹോക്കി ഇന്ത്യ പുതിയ ചുമതലയും നല്‍കിയിരുന്നു. താരത്തെ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ബോലനാഥ് പ്രഖ്യാപിച്ചിരുന്നു.