Photo: x.com/realmadrid
വാവ്‌സോ (പോളണ്ട്): പുതിയ സീസണിന് കിരീടനേട്ടത്തോടെ തുടക്കമിട്ട് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും ഏറ്റുമുട്ടുന്ന യുവേഫ സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റലാന്റയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി റയല്‍ കിരീടമുയര്‍ത്തി.
റയല്‍ മാഡ്രിഡ് ജേഴ്‌സിയിലെ അരങ്ങേറ്റത്തില്‍ തന്നെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ കന്നി ഗോളടിച്ച മത്സരത്തില്‍ ഫെഡെറിക്കോ വാല്‍വെര്‍ദെയാണ് മറ്റൊരു ഗോള്‍ സ്‌കോര്‍ ചെയ്തത്. റയലിന്റെ ആറാം സൂപ്പര്‍ കപ്പ് കിരീടമാണിത്. 2002, 2014, 2016, 2017, 2022, 2024 വര്‍ഷങ്ങളിലായിരുന്നു കിരീട നേട്ടം.
എംബാപ്പെയെ ആദ്യ ഇലവില്‍ തന്നെ ഉള്‍പ്പെടുത്തിയാണ് കോച്ച് കാര്‍ലോ ആന്‍സലോട്ടി റയലിനെ ഇറക്കിയത്. സെന്റര്‍ ഫോര്‍വേഡായി എംബാപ്പെയും ഇടതു വിങ്ങില്‍ വിനീഷ്യസ് ജൂനിയറും വലതു വിങ്ങില്‍ റോഡ്രിഗോയും ഇറങ്ങി.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു രണ്ട് ഗോളുകളും. 59-ാം മിനിറ്റില്‍ വിനീഷ്യസിന്റെ അസിസ്റ്റില്‍ നിന്ന് ഫെഡെറിക്കോ വാല്‍വെര്‍ദെയാണ് റയലിനായി ആദ്യം സ്‌കോര്‍ ചെയ്തത്. പിന്നാലെ 68-ാം മിനിറ്റില്‍ എംബാപ്പെ സ്‌കോര്‍ ചെയ്തു. ജൂഡ് ബെല്ലിങ്ങാമായിരുന്നു അസിസ്റ്റ്.
