പ്രദേശത്തെ പ്രതിഷേധത്തിനിടയിൽ നിന്ന്, പ്രതീകാത്മക ചിത്രം
തൃപ്പൂണിത്തുറ: പിറന്നാളാഘോഷത്തിനായി എരൂർ ഭാഗത്തെ കടയിൽനിന്നു വാങ്ങിയ ബലൂണിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം. ‘ഐ ലൗവ് പാകിസ്താൻ’ എന്ന് ഇംഗ്ലീഷിലാണ് രേഖപ്പെടുത്തിയിരുന്നത്. എരൂർ സ്വദേശി ഗിരീഷ് കുമാറിന്റെ പരാതിയിൽ തൃപ്പൂണിത്തുറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബലൂണിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം കണ്ടതോടെ പ്രതിഷേധം ഉയർന്നു. തുടർന്ന് കട അടച്ചു. മകന്റെ പിറന്നാളാഘോഷത്തിനായി ഗിരീഷ് കുമാർ തിങ്കളാഴ്ച രാത്രിയാണ് കടയിൽനിന്ന് ബലൂണുകൾ വാങ്ങിയത്. വെളുത്ത നിറത്തിലുള്ള ബലൂണിലായിരുന്നു പാക് അനുകൂല മുദ്രാവാക്യമുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. ബലൂൺ കണ്ടെടുത്തു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ കടയുടെ മുന്നിലേക്ക് ചൊവ്വാഴ്ച വൈകീട്ട് മാർച്ച് നടത്തി. ആസാദ് ജങ്‌ഷനിൽനിന്നാരംഭിച്ച മാർച്ച് ആർ.എസ്.എസ്. നഗർ കാര്യവാഹ് രാഗേഷ് ഉദ്ഘാടനം ചെയ്തു. അനീഷ് ചന്ദ്രൻ, സുരേഷ്, എം.എസ്. വിനോദ്, അജിത്കുമാർ, പീതാംബരൻ എന്നിവർ സംസാരിച്ചു.
