വിഷ്ണു നായർ
പത്തനംതിട്ട: മലയാലപ്പുഴയില്‍ പ്രധാന അധ്യാപകയെ ക്ലാസില്‍ കയറി തല്ലിയെന്ന് പരാതി. കൊഴികുന്നം കെ.എച്ച്.എം.എൽ.പി.എസിലെ പ്രധാന അധ്യാപിക ഗീതാ രാജാണ് പരാതിക്കാരി. സംഭവത്തിൽ, പ്രദേശവാസിയായ വിഷ്ണു നായരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ട് 3.45-നാണ് സംഭവം.
സ്കൂളിൽ പി.ടി.എ യോഗം കഴിഞ്ഞ ഉടനെയായിരുന്നു സംഭവം. പ്രതി വിഷ്ണു നായർ ബഹളംവെച്ചുകൊണ്ട് വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഗീതാ രാജ് പറഞ്ഞു. ‘നേരത്തെ, ജൂണിലും സമാനസംഭവമുണ്ടായിരുന്നു. അന്ന് പോലീസിലും പഞ്ചായത്തിലും വനിതാസെല്ലിലുമെല്ലാം പരാതി നൽകിയതാണ്. യുവാവിന് എന്തോ പ്രശ്നമുള്ളതിനാൽ നടപടി സ്വീകരിക്കാനാകില്ലെന്നായിരുന്നു അവരുടെ നിലപാട്.
ബുധനാഴ്ച ഇയാൾ വീണ്ടും എത്തിയപ്പോൾ പോലീസിനെ വിളിച്ചുകാര്യം പറഞ്ഞു. ഭർത്താവ് സ്ഥലത്തുണ്ടായിരുന്നു. അദ്ദേഹം ഇയാളോട് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടെങ്കിലും അസഭ്യംപറഞ്ഞ് ബഹളംവയ്ക്കുകയായിരുന്നു. അതിനിടെ, പുറകോട്ട് മാറിനിൽക്കാൻ പറഞ്ഞ എന്റെ മുഖത്തടിക്കുകയായിരുന്നു. തലയങ്ങ് മരവിച്ചുപോയി. അടിയേറ്റ് വീണതോടെ കുട്ടികൾ ബഹളംവെച്ചു. പിന്നീട്, പോലീസ് സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോകുകയായിരുന്നു’, ഗീതാ രാജ് പറഞ്ഞു.
ഒരുപാട് മുമ്പ് പ്രതി ഇതേ സ്കൂളിൽ പഠിച്ചതായാണ് അവർ പറയുന്നത്. വർഷങ്ങൾക്ക് ശേഷം ജൂണിൽ വന്ന് ബഹളംവച്ചപ്പോഴാണ് ഇയാളെ പിന്നീട് കാണുന്നത്. അസഭ്യം പറച്ചിലും വധഭീഷണിയുമുണ്ടായി. കണ്ണിന് പരിക്കേറ്റ് ഗീതാ രാജ് പത്തനംതിട്ടയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ ചികിത്സതേടി.
