പിടിയിലായ പ്രതികൾ

കോട്ടയം: വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ. സന്തോഷ് കുമാർ നായിക്(35), ഉപേന്ദ്ര നായിക്(35) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇവരിൽ നിന്ന് മുക്കാല്‍ കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മുട്ടമ്പലം ചെല്ലിയൊഴുക്കും റോഡിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. ബാഗിനുള്ളിലെ അറയിൽ ടേപ്പ് ചുറ്റികെട്ടി പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

വില്പന നടത്തുന്നതിനായി അന്യസംസ്ഥാനത്ത് നിന്നും ജില്ലയിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കോട്ടയം ഈസ്റ്റ്‌ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ. യൂ. ശ്രീജിത്ത്, എസ്.ഐ. നെൽസൺ സി.എസ്., എ.എസ്.ഐ. പ്രദീപ്, സി.പി.ഓമാരായ പ്രതീഷ് രാജ്, അജിത്ത്, അജേഷ്, അജിത്ത് ബാബു കൂടാതെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.