അരവിന്ദ് കെജ്‌രിവാൾ |ഫോട്ടോ:PTI

ന്യൂഡൽഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇടക്കാല ജാമ്യംനൽകണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം സുപ്രീംകോടതി അം​ഗീകരിച്ചില്ല. സി.ബി.ഐ.യുടെ മറുപടി തേടിയ കോടതി കേസ് പരി​ഗണിക്കുന്നത് ഓ​ഗസ്റ്റ് 23-ലേക്ക് മാറ്റി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്.

കെജ്‌രിവാളിന്റേത് വിചിത്രമായ സാഹചര്യമാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി കോടതിയിൽ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷവും 10 മാസവും കഴിഞ്ഞ് കെജ്‌രിവാളിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തത് ദുരുദ്ദേശ്യത്തോടെയാണ്. ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചതായും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. എന്നാൽ, തത്ക്കാലം ജാമ്യം അനുവദിക്കാനാകില്ലെന്ന നിലപാടിലായിരുന്നു കോടതി.

മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി.കസ്റ്റഡിയിലിരിക്കെ ജൂണ്‍ 26-നാണ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ജൂലായ് 12-ന് ഇ.ഡി.കേസില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. എന്നാല്‍, സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കെജ്‌രിവാളിന് ജയില്‍മോചിതനാകാന്‍ സാധിച്ചിരുന്നില്ല.