പ്രതീകാത്മക ചിത്രം

ഭോപാല്‍: മധ്യപ്രദേശില്‍നിന്ന് കാണാതായ 18-കാരനെ പശ്ചിമബംഗാളില്‍വെച്ച് അടിച്ച് കൊന്നതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഛിന്ദ്വാരയില്‍നിന്ന് കാണാതായ ഗജേന്ദ്ര ചൗധരിയാണ് പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരില്‍വെച്ച് കൊല്ലപ്പെട്ടതായി കരുതുന്നത്. ഗജേന്ദ്ര ചൗധരിയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങള്‍ ഗജേന്ദ്രയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഡി.എന്‍.എ. പരിശോധനകൂടി നടത്തിയാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഗജേന്ദ്ര ചൗധരി യാത്രചെയ്ത ടാക്‌സിയുടെ ഡ്രൈവറായ അനികേത് സോളാങ്കിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗജേന്ദ്ര ചൗധരിയെ ഛിന്ദ്വാരയില്‍നിന്ന് കാണാതായത്. മകനെ കാണാനില്ലെന്ന് ഗജേന്ദ്രയുടെ പിതാവ് പരാതി നല്‍കിയതോടെ തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. തുടര്‍ന്നാണ് യുവാവ് സഞ്ചരിച്ച ടാക്‌സി കാറിന്റെ ഡ്രൈവറായ അനികേത് സോളാങ്കിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്തതോടെയാണ് യുവാവ് കൊല്ലപ്പെട്ടെന്നവിവരം പുറത്തറിയുന്നത്. പിന്നാലെ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരിലെത്തി പോലീസ് സംഘം പരിശോധന നടത്തുകയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കയുമായിരുന്നു.

ഒരു പെണ്‍കുട്ടിയെ കാണാന്‍ പോകാനായാണ് യുവാവ് തന്റെ ടാക്‌സി വിളിച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. ഛിന്ദ്വാരയിലെ ഗുരയ്യ ഗ്രാമത്തില്‍നിന്ന് ബംഗാള്‍ വെസ്റ്റ് മിഡ്‌നാപൂരിലെ നാരായണ്‍ഘട്ടിലേക്കായിരുന്നു യാത്ര. അവിടെ എത്തിയശേഷം യുവാവ് പെണ്‍കുട്ടിയെ കണ്ട് സംസാരിച്ചു. എന്നാല്‍, പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ വളയുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ അവശനായ യുവാവിനെ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, യാത്രാമധ്യേ മരണം സംഭവിച്ചെന്നും ഇതോടെ ഭയന്നുപോയ താന്‍ മൃതദേഹം റോഡരികിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് യാത്ര തുടര്‍ന്നെന്നും ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു.

ടാക്‌സി ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം ഉപേക്ഷിച്ചസ്ഥലത്ത് കഴിഞ്ഞദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നാണ് മൃതദേഹാവശിഷ്ടങ്ങളും യുവാവിന്റെ കൈവശമുണ്ടായിരുന്ന മറ്റുചില വസ്തുക്കളും കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങളും കണ്ടെടുത്ത വസ്തുക്കളും ഗജേന്ദ്രയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. എന്നാല്‍, ഡി.എന്‍.എ. പരിശോധന കൂടി നടത്തണമെന്നും ഇതിനായി മാതാപിതാക്കളുടെ ഡി.എന്‍.എ. സാമ്പിള്‍ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു. കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.