Photo | x.com/ShirazHassan
കറാച്ചി: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം അടച്ചിട്ട വേദിയില്‍ നടത്താന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. കാണികളെ കറാച്ചിയിലെ സ്‌റ്റേഡിയത്തിലേക്ക് അനുവദിക്കില്ല. കോവിഡ് കാലത്താണ് മുന്‍പ് കാണികളില്ലാതെ ക്രിക്കറ്റ് മത്സരം നടത്തിയിരുന്നത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുവേണ്ടി ഗ്രൗണ്ടില്‍ ഒരുക്കങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇതിന്റെ പണി പുരോഗമിക്കുന്നതിനാലാണ് കാണികളെ സ്‌റ്റേഡിയത്തിലേക്ക് അനുവദിക്കാത്തത്.
ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ നിശ്ചയിച്ച മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനെ നിര്‍ത്തിവെച്ചു. നേരത്തേ ടിക്കറ്റ് വാങ്ങിവെച്ചവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് പി.സി.ബി. അറിയിച്ചിട്ടുണ്ട്. വിശദ ചര്‍ച്ചകള്‍ക്കും പരിഗണനകള്‍ക്കും ശേഷമാണ് അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ തീരുമാനിച്ചതെന്നും ബോര്‍ഡ് പറഞ്ഞു. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി സ്റ്റേഡിയങ്ങളുടെ നവീകരണ പ്രവൃത്തിക്കായി ഏകദേശം 17 ബില്യണ്‍ രൂപയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെലവഴിക്കുന്നത്.
അതേസമയം, അടുത്തവര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് പോകാനിടയില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും പോകാനുള്ള സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിക്കുമെന്നാണ് ബി.സി.സി.ഐ. വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ വെച്ച് നടത്തുന്ന വിധം ഹൈബ്രിഡ് മോഡല്‍ നടപ്പാക്കാനാണ് ആവശ്യം. എന്നാല്‍, ടൂര്‍ണമെന്റ് മുഴുവന്‍ പാകിസ്താനില്‍വെച്ചുതന്നെ നടത്തുമെന്ന നിലപാടിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്.
