പിടിച്ചെടുത്ത ആനക്കൊമ്പ്. ഇൻസെറ്റിൽ അറസ്റ്റിലായ പൊൻവണ്ണൻ,മുരുകേശൻ,ചന്ദ്രശേഖർ

പഴനി: കൊടൈക്കനാലിന് സമീപം മന്നവനൂരില്‍ ആനക്കൊമ്പ് കടത്തിയ സംഭവത്തില്‍ ഡി.എം.കെ. പ്രാദേശിക നേതാവുള്‍പ്പെടെ മൂന്നുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു.

പട്ടിവീരന്‍പട്ടി പഞ്ചായത്തിലെ പതിനൊന്നാംവാര്‍ഡ് ഡി.എം.കെ. കൗണ്‍സിലറായ പൊന്‍വണ്ണന്‍, കൊടൈക്കനാല്‍ മന്നവനൂര്‍ കീഴാണവയല്‍ സ്വദേശി ചന്ദ്രശേഖര്‍, പട്ടിവീരംപട്ടി സ്വദേശി മുരുകേശന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്നും ഒന്‍പത് കിലോഗ്രാം ആനക്കൊമ്പ് കസ്റ്റഡിയിലെടുത്തു. കൊടൈക്കനാലില്‍നിന്നും 34 കിലോമീറ്റര്‍ ദൂരെയുള്ള മന്നവനൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ആനക്കൊമ്പ് സൂക്ഷിക്കുന്നുണ്ടെന്നും ഇത് വില്‍ക്കാന്‍ ശ്രമിക്കുന്നതായും വനംവകുപ്പിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് ദിണ്ടിക്കല്‍ ഡി.എഫ്.ഒ.യുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ കഴിഞ്ഞ ഒരാഴ്ചയായി മേഖലയില്‍ രഹസ്യമായി അന്വേഷണത്തിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മന്നവനൂര്‍ കൈകാട്ടിക്കടുത്ത് വനംവകുപ്പധികൃതര്‍ വാഹനപരിശോധന നടത്തുന്നതിനിടെ ഒരു ജീപ്പ് പരിശോധിച്ചപ്പോഴാണ് ആനക്കൊമ്പ് കണ്ടെത്തിയത്. ചന്ദ്രശേഖറാണ് ആനക്കൊമ്പ് സൂക്ഷിച്ചിരുന്നത്. ആനക്കൊമ്പ് കേരളത്തിലെ ഒരാള്‍ക്ക് വില്‍ക്കുന്നതിന്റെ ഭാഗമായി കൊണ്ടുപോകുമ്പോഴാണ് പിടികൂടിയതെന്നും സൂചനയുണ്ട്.