ആരമ്പാക്കത്തെ ക്ഷേത്രത്തിൽ കനലിലൂടെ നടക്കുന്നതിനിടെ ബാലൻ കാലിടറി വീഴുന്നതിന്റെ ദൃശ്യം

ചെന്നൈ : ക്ഷേത്രോത്സവത്തിൽ ആചാരത്തിന്റെ ഭാഗമായി അഗ്നികുണ്ഡത്തിലൂടെ നടക്കുന്നതിനിടെ കാലിടറിവീണ ബാലന് പൊള്ളലേറ്റു. 41 ശതമാനം പൊള്ളലേറ്റ മോനിഷ് (7) കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തമിഴ്‌നാട്ടിൽ തിരുവള്ളൂർ ജില്ലയിൽ ആരമ്പാക്കത്തെ മാരിയമ്മൻക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. ആടി മാസത്തിൽ സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും തീമിതി എന്നുവിളിക്കുന്ന കനൽനടത്തം സംഘടിപ്പിക്കാറുണ്ട്. ക്ഷേത്രത്തിനുസമീപം ഒരുക്കുന്ന അഗ്നികുണ്ഡത്തിലൂടെ ഭക്തർ നഗ്നപാദരായി നടക്കുന്നതാണ് ചടങ്ങ്. അച്ഛൻ മണികണ്ഠനോടൊപ്പം ചടങ്ങിനെത്തിയ മോനിഷ് പേടികാരണം ആദ്യം പിൻമാറിയതായിരുന്നു. പിന്നീട് മറ്റൊരാൾ കൈപിടിച്ചു നടത്തിയപ്പോഴാണ് കാലിടറിവീണത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ കനലിൽനിന്ന് പുറത്തേക്കെടുത്തെങ്കിലും മോനിഷിന് ദേഹമാസകലം പൊള്ളലേറ്റു. സ്ഥലത്തുണ്ടായിരുന്ന പോലീസുദ്യോഗസ്ഥൻ മോനിഷിനെ കനലിലിറങ്ങാൻ പ്രേരിപ്പിക്കുന്നതും ഇതിന്റെ വിഡിയോദൃശ്യത്തിൽ കാണാം.

തിരുവള്ളൂർ ജില്ലയിലെത്തന്നെ ദ്രൗപതിയമ്മൻ ക്ഷേത്രത്തിൽ കഴിഞ്ഞവർഷം കനലിൽവീണ് ഒരു വയസ്സുള്ള ബാലികയ്ക്ക് സാരമായി പൊള്ളലേറ്റിരുന്നു. കുട്ടിയെ എടുത്ത് കനലിലിറങ്ങിയ മുത്തച്ഛന് കാലിടറിയതുകാരണമാണ് അപകടമുണ്ടായത്.