Google Pixel 9 Pro Fold | Photo: Google
ഗൂഗിളിന്റെ പുതിയ പിക്‌സല്‍ 9 സീരീസ് ഫോണുകള്‍ ഇന്ന് അവതരിപ്പിക്കും. പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് എന്നിവ അടങ്ങുന്നതാണ് ഈ സീരീസ്. ഓഗസ്റ്റ് 13 രാത്രി 10.30 ആരംഭിക്കുന്ന ‘ മേഡ് ബൈ ഗൂഗിള്‍’ പരിപാടിയിലാണ് ഫോണുകള്‍ അവതരിപ്പിക്കുക.
സാധാരണ രണ്ട് സ്മാര്‍ട്‌ഫോണുകള്‍ മാത്രമാണ് പിക്‌സല്‍ സീരീസില്‍ അവതരിപ്പിക്കാറ്. എന്നാല്‍ ഇത്തവണ കൂടുതല്‍ വിഭാഗങ്ങളില്‍ എതിരാളികളോട് മത്സരിക്കാനൊരുങ്ങിയാണ് ഗൂഗിളിന്റെ പിക്‌സല്‍ സീരീസ് എത്തുന്നത്. പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഗിള്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ ആണിത്. ഗൂഗിളിന്റെ പുതിയ എഐ ഫീച്ചറുകളോടുകൂടിയാവും ഫോണുകളുടെ വരവ്.
എങ്ങനെ പരിപാടി കാണാം?
ചൊവ്വാഴ്ച ഇന്ത്യന്‍ സമയം 10.30 മുതലാണ് ‘മേഡ് ബൈ ഗൂഗിള്‍’ പരിപാടി ആരംഭിക്കുക. ഗൂഗിളിന്റെ ആസ്ഥാനത്ത് വെച്ചാണ് പരിപാടി. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇത് തത്സമയം സ്ട്രീം ചെയ്യും. യൂട്യബില്‍ ഇതിനകം ലൈവ് സ്ട്രീമിങ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ നിങ്ങളുടെ സ്മാര്‍ട് ടിവിയിലും, ഫോണിലും എളുപ്പം പരിപാടികാണാം.
എന്തെല്ലാം പ്രതീക്ഷിക്കാം
പിക്‌സല്‍ 9 സീരീസ് സ്മാര്‍ട്‌ഫോണുകളുടെ പ്രഖ്യാപനമാണ് പരിപാടിയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ ഫോണുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങള്‍ മുമ്പ് വലന്നിട്ടുണ്ട്. ഫോണുകളില്‍ യഥാക്രമം ഡ്യുവല്‍, ട്രിപ്പിള്‍ ക്യാമറ സംവിധാനങ്ങള്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷ. രണ്ട് ഫോണുകളിലും വ്യത്യസ്ത റെസലൂഷനുകളിലുള്ള 6.3 ഇഞ്ച് ഡിസ്‌പ്ലേ ആയിരിക്കും.
വലിയ ഡിസ്‌പ്ലേയും ബാറ്ററിയും ആയിരിക്കും പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍ ഫോണിന്റെ സവിശേഷത. പിക്‌സല്‍ 9 പ്രോയുടെ വലിയൊരു പതിപ്പായിരിക്കും ഇത്. ഐഫോണ്‍ പ്രോ, പ്രോ മാക്‌സ് ശൈലി പിന്തുടര്‍ന്നായിരിക്കും ഇത്.
പിക്‌സല്‍ 9 സീരീസിലെ ഏറ്റവും വിലയേറിയ മോഡലായിരിക്കും ഗൂഗിളിന്റെ രണ്ടാമത്തെ ഫോള്‍ഡബിള്‍ ഫോണ്‍ ആയ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ്. വണ്‍ പ്ലസ് ഓപ്പണ്‍, സാംസങ് ഗാലക്‌സി സെഡ് ഫോള്‍ഡ് എന്നിവ ആയിരിക്കും ഇതിന്റെ എതിരാളികള്‍.
ഈ നാല് സ്മാര്‍ട്‌ഫോണുകളിലും ഗൂഗിളിന്റെ ടെന്‍സര്‍ ജി4 ചിപ്പ്‌സെറ്റ് ആയിരിക്കും. എക്‌സിനോസ് 2400 ചിപ്പ് സെറ്റിന് സമാനമാണിതെന്നാണ് വിലിയരുത്തല്‍. ഏഴ് വര്‍ഷത്തെ ഓഎസ് അപ്‌ഡേറ്റും ഫോണുകളില്‍ കമ്പനി വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.
