പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം. നിലവില്‍ 110.55 കോടി രൂപയാണ് ആകെ സംഭാവനയായി ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. സംഭാവനയായി ചൊവ്വാഴ്ച മാത്രം ഓണ്‍ലൈനായി ഇതുവരെ 55.5 ലക്ഷം രൂപയാണ് ലഭിച്ചതെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്ക്. ആകെ ലഭിച്ച 110 കോടിയില്‍നിന്ന് ഇതുവരെ സഹായത്തിനായി തുക മാറ്റിയിട്ടില്ല.

സിനിമ, സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധിയാളുകള്‍ പണം സംഭാവന ചെയ്തിരുന്നു. അടുത്തിടെ തെലുങ്ക് നടന്‍ ചിരഞ്ജീവി തിരുവനന്തപുരത്ത് നേരിട്ടെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നല്‍കിയിരുന്നു.

ഉരുള്‍പൊട്ടല്‍ ദുരന്തം സംഭവിച്ചതിന് പിന്നാലെ ജൂലൈ 30 മുതലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളെത്തി തുടങ്ങിയത്. ഓണ്‍ലൈനായി മാത്രം 26.83 കോടി രൂപ സംഭാവന ലഭിച്ചു. വലിയ തുകകൾ ചെക്ക് മുഖേനയോ, ഡിമാന്‍ഡ് ഡ്രാഫ്റ്റായോ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാം. ആകെ വന്ന തുകയുടെ കണക്കുകള്‍ എല്ലാ ദിവസവും ഔദ്യോഗികമായി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുന്നുണ്ട്.