Screengrab: x.com/vani_mehrotra

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഫ്‌ളാറ്റില്‍ റേവ് പാര്‍ട്ടി നടത്തിയ 35 കോളേജ് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. നോയിഡ സെക്ടര്‍ 94- ലെ സൂപ്പര്‍ടെക്ക് സൂപ്പര്‍നോവ അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന റേവ് പാര്‍ട്ടിക്കിടെയാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. ഫ്‌ളാറ്റില്‍നിന്ന് വിലകൂടിയ മദ്യവും ഹുക്കയും ഉള്‍പ്പെടെ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.

അപ്പാര്‍ട്ട്‌മെന്റിലെ മറ്റുതാമസക്കാരാണ് ഫ്‌ളാറ്റില്‍ റേവ് പാര്‍ട്ടി നടക്കുന്നതായി പോലീസിനെ വിവരമറിയിച്ചത്. വിദ്യാര്‍ഥികള്‍ കൂട്ടത്തോടെയെത്തി ലഹരി ഉപയോഗിക്കുന്നതായും അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ പരാതിപ്പെട്ടിരുന്നു.

പാര്‍ട്ടി നടക്കുന്നതിനിടെ ഫ്‌ളാറ്റില്‍നിന്ന് ചിലര്‍ മദ്യക്കുപ്പി താഴേക്കെറിഞ്ഞു. ഇതോടെ അപ്പാര്‍ട്ട്‌മെന്റിലെ മറ്റുതാമസക്കാര്‍ സംഘടിക്കുകയും വിദ്യാര്‍ഥികളെ ചോദ്യംചെയ്യുകയുമായിരുന്നു. പിന്നാലെ പോലീസെത്തി ഫ്‌ളാറ്റിലുണ്ടായിരുന്ന 35 വിദ്യാര്‍ഥികളെയും കസ്റ്റഡിയിലെടുത്തു.

പണം ഈടാക്കിയാണ് ഫ്‌ളാറ്റില്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നതെന്നാണ് അപ്പാര്‍ട്ട്‌മെന്റിലെ മറ്റുതാമസക്കാര്‍ ആരോപിക്കുന്നത്. സിംഗിള്‍സിന് 500 രൂപയും പങ്കാളിയുമായി വരുന്നവര്‍ക്ക് 800 രൂപയുമായിരുന്നു പ്രവേശനഫീസ്. വാട്‌സാപ്പ് വഴിയാണ് പാര്‍ട്ടിയിലേക്ക് വിദ്യാര്‍ഥികളെ ക്ഷണിച്ചിരുന്നതെന്നും ഇവര്‍ പറയുന്നു.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. 35 വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും ഇതില്‍ അഞ്ചുപേര്‍ പാര്‍ട്ടിയുടെ സംഘാടകരാണെന്നും പോലീസ് പറഞ്ഞു.