മിഠായിത്തെരുവിന്റെ മേലാപ്പിലെ ഉണ്ടവിളക്കുകൾ അഴിച്ചുമാറ്റിയ നിലയിൽ
കോഴിക്കോട്: മിഠായിത്തെരുവിൽ ഓണത്തിനുമുൻപ് പുതിയ വിളക്കുകൾ പിടിപ്പിക്കും. തെരുവിന്റെ മേലാപ്പിൽ തൂക്കിയിരുന്ന ഉണ്ടവിളക്കുകൾക്ക് പകരം എൽ.ഇ.ഡി. ഫ്ലഡ് ലൈറ്റുകളാണ് സ്ഥാപിക്കുക. നഗരത്തിലെ തെരുവുവിളക്കുകളുടെ പരിപാലനച്ചുമതലയുള്ള കിയോണിക്‌സി(കർണാടക സ്റ്റേറ്റ് ഇലക്‌ട്രോണിക്സ് കോർപ്പറേഷൻ)നെ തന്നെയാണ് ഇവ ഏൽപ്പിച്ചിട്ടുള്ളത്.
മിഠായിത്തെരുവ് നവീകരിച്ചപ്പോൾ 2017-ലാണ് തെരുവിലെ രണ്ടറ്റത്തും മേലാപ്പിൽ ഉണ്ടവിളക്കുകളും മറ്റു ഭാഗങ്ങളിൽ ലോമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചത്. രണ്ടുഭാഗത്തുമായി മുന്നോറോളം ഉണ്ടവിളക്കുകളുണ്ടായിരുന്നു. എന്നാൽ, വളരെപ്പെട്ടെന്നുതന്നെ ഉണ്ടവിളക്കുകൾ വെള്ളംനിറഞ്ഞ് നശിച്ചു. പലതും പൊട്ടിവീണു. തെരുവിലൂടെ പോകുന്നവർക്ക് അപകടഭീഷണിയായി. തുടർന്ന് കുറച്ചുനാളുകൾക്കുമുമ്പ് വിളക്കുകൾ അഴിച്ചുമാറ്റി. കിഡ്സൺ കോർണർ, പി.എം. താജ് റോഡ് ജങ്ഷൻ, കോർട്ട് റോഡ് ജങ്ഷൻ, പാഴ്സി ക്ഷേത്രത്തിന് സമീപം, കോയൻകോ ജങ്ഷൻ, മൊയ്തീൻപള്ളി റോഡ് ഭാഗം എന്നിവിടങ്ങളിലാണ് ലോമാസ്റ്റുള്ളത്. ആറ് ലോമാസ്റ്റിലായി 24 വിളക്കുകളുണ്ട്.
പുതിയവ സ്ഥാപിക്കുമ്പോൾ രണ്ടുഭാഗങ്ങളിലും അഞ്ചുവീതം ഫ്ളഡ് ലൈറ്റുകളാണുണ്ടാവുക. മേലേ പാളയത്തെ രണ്ട് എൽ.ഇ.ഡി. ലൈറ്റുകൾകൂടി കിയോണിക്സ് പരിപാലിക്കും. പ്രതിവർഷം 72,007 രൂപ നിരക്കിലാണ് പരിപാലനച്ചെലവ് കണക്കാക്കിയിട്ടുള്ളത്. കൗൺസിൽ അംഗീകാരമായതിനാൽ തുടർനടപടികൾ വേഗത്തിലാകുമെന്ന് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.സി. രാജൻ പറഞ്ഞു. ഓണത്തിനുമുൻപ് പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കിയോണിക്സ് അധികൃതർ വ്യക്തമാക്കി.
ഇരുട്ടിലാണ്ട തെരുവ്
മിഠായിത്തെരുവ് നവീകരിച്ചപ്പോൾ മേലാപ്പിൽ ഉണ്ടവിളക്കുകൾ കെട്ടി ഏറെ കമനീയമാക്കി. എന്നാൽ, മഴപെയ്താൽ വെള്ളം നിറയുന്ന രീതിയിൽ വിളക്കുകെട്ടിയത് പലപ്പോഴും വിമർശനത്തിനിടയാക്കി. വെളിച്ചമില്ലാതെ തെരുവ് ഇരുട്ടിലാണ്ടിട്ട് ഏറെക്കാലമായി. കടകളിൽനിന്നുള്ള വെളിച്ചംമാത്രമാണ് ആശ്രയം. തീപ്പിടിത്തം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ തെരുവുനവീകരണം. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ ലൈനുകളെല്ലാം മണ്ണിനടിയിലൂടെയാക്കി. കുടിവെള്ളപ്രശ്നമുണ്ടാകുമ്പോൾ കൃത്യമായി പരിഹരിക്കാൻപറ്റാത്ത സ്ഥിതിയുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. നവീകരിക്കുമ്പോൾതന്നെ ഓവുചാലുകൾ തുറന്ന് വൃത്തിയാക്കാൻ പറ്റുന്നരീതിയിൽ സൗകര്യംവെക്കാതെ ടൈലുകളുമിട്ടു.
ഇനിയും തെരുവിനെ ഇരുട്ടിലാക്കരുത്. ലൈറ്റുകൾ വേഗത്തിൽ സ്ഥാപിക്കുമെന്ന് പറഞ്ഞാൽമാത്രം കാര്യമില്ല. നേരത്തേയുണ്ടായിരുന്നത് പോലെയാകരുത്. കൃത്യമായ പരിപാലനമുൾപ്പെടെ സാധ്യമാകുന്നരീതിയിൽ ലൈറ്റുകൾ വെക്കുകയാണ് വേണ്ടതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മിഠായിത്തെരുവ് യൂണിറ്റ് പ്രസിഡന്റ് എ.വി.എം. കബീർ പറഞ്ഞു.
