വിദ്യാർഥിയോടിച്ച കാറിടിച്ച് സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ട അപകടത്തിന്റെ സിസിടിവി ദൃശ്യം
ഹൈദരാബാദ്∙ മദ്യലഹരിയിൽ വിദ്യാർഥി അമിത വേഗത്തിലോടിച്ച കാറിടിച്ച് സുരക്ഷാ ജീവനക്കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ ഹൈദരാബാദിലെ ഗാജുലരാമരത്തിന് സമീപം ദേവേന്ദർ നഗറിലാണ് വിദ്യാർഥി ഓടിച്ച എസ്‌യുവി കാർ ഇടിച്ച് സുരക്ഷാ ജീവനക്കാരനായ ബാഷ ഗോപി (38) മരിച്ചത്.
റോഡിലൂടെ നടന്നു പോവുകയായിരുന്ന ബാഷയെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബാഷ ദൂരേക്ക് തെറിച്ചു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രദേശത്തെ വൈദ്യൂത തൂണും മതിലും ഇടിയുടെ ആഘാതത്തിൽ തകർന്നിട്ടുണ്ട്. സംഭവത്തിൽ കാറോടിച്ചിരുന്നു മനീഷ് (20) നെ പൊലീസ് അറസ്റ്റ് ചെയ്തു.
കോളജ് വിദ്യാർഥിയായ മനീഷ്, ഖുത്ബുള്ളാപൂർ സ്വദേശിയാണ്. അപകടസമയത്ത് മനീഷിനൊപ്പം മറ്റ് 5 സുഹൃത്തുക്കൾ കൂടി കാറിലുണ്ടായിരുന്നു. രാത്രി നടന്ന പാർട്ടി കഴിഞ്ഞ് സംഘം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. അപകടം നടന്നയുടൻ മനീഷിന്റെ സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. എന്നാൽ കാർ ഓടിച്ചിരുന്ന മനീഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധനയിൽ മനീഷ് അമിതമായി മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
