അജിത്കിഷൻ പെരേര

തൃശ്ശൂര്‍: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ രക്ഷപ്പെട്ട ശ്രീലങ്കന്‍ സ്വദേശിയായ പ്രതി ശ്രീലങ്കയില്‍ പിടിയില്‍. തൃശ്ശൂര്‍ പോലീസ് ശ്രീലങ്കന്‍ പോലീസിനെവരെ അറിയിച്ച് നടത്തിയ അന്വേഷണങ്ങളുടെ ഫലമായാണ് പ്രതി അജിത് കിഷന്‍ പെരേര പിടിയിലായത്.

ബോട്ട് മോഷ്ടിച്ച് കടലിലൂടെ അതിസാഹസികമായി സഞ്ചരിച്ചാണ് പ്രതി ശ്രീലങ്കയില്‍ എത്തിയത്. കടലിലെ ദിവസങ്ങള്‍ നീളുന്ന യാത്രമൂലം നിര്‍ജലീകരണം സംഭവിച്ച അജിത് കിഷന്‍ പെരേര ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീലങ്കയുമായി കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടിയുള്ളതിനാല്‍ ഇയാളെ ഉടന്‍തന്നെ തൃശ്ശൂരിലെത്തിക്കാനാകുമെന്നാണ് കരുതുന്നത്.

ജൂലായ് ഒന്നിനാണ് അയ്യന്തോള്‍ കോടതിപരിസരത്തുവെച്ച് അജിത് കിഷന്‍ പെരേര രക്ഷപ്പെട്ടത്. ഒളരി പള്ളി പരിസരത്തുനിന്ന് സൈക്കിളെടുത്ത് തീരദേശറോഡിലൂടെ മട്ടാഞ്ചേരിയില്‍ എത്തിയതായി അന്വേഷണത്തില്‍ പോലീസ് മനസ്സിലാക്കി. 27-നുശേഷം പ്രതി ഇവിടെനിന്ന് രക്ഷപ്പെട്ടു. ബോട്ടിലാണ് രക്ഷപ്പെട്ടതെന്ന് കരുതുന്നു. 28-നു കുളച്ചലില്‍നിന്ന് ബോട്ട് മോഷ്ടിച്ച് ശ്രീലങ്കയിലേക്ക് പോകുകയായിരുന്നു.

ദിശയറിയാനുള്ള സംവിധാനംപോലുമില്ലാതെ ശ്രീലങ്കയിലേക്ക് ബോട്ട് ഓടിച്ചുപോകാന്‍ ധൈര്യം കാണിച്ചത് അന്വേഷണസംഘത്തെയും അദ്ഭുതപ്പെടുത്തി. ധനുഷ്‌കോടിയിലേക്ക് പോകാനുള്ള സാധ്യത മുന്‍നിര്‍ത്തി പോലീസ്സംഘം ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. 27 മുതല്‍ ഓഗസ്റ്റ് 10 വരെ ഇവിടം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു.

ഈ പ്രദേശങ്ങളിലെ പോലീസുമായി ബന്ധപ്പെടാനും നിരവധി സ്ഥലങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് എത്തിക്കാനും പോലീസിന് സാധിച്ചു. തീരദേശപോലീസിനും ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിച്ചു. തമിഴ്നാട് പോലീസ് വഴി ശ്രീലങ്കന്‍ പോലീസിനെയും വിവരം അറിയിക്കാനായി.

ഈ രീതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അജിത് കിഷന്‍ പെരേര ശ്രീലങ്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായത്. തമിഴ്നാട് പോലീസ് വഴി തൃശ്ശൂര്‍ പോലീസിന് ഈ വിവരം ലഭിക്കുകയും ചെയ്തു. ബോട്ടില്‍ അബോധാവസ്ഥയിലാണ് ഇയാളെ കണ്ടെത്തിയത് എന്നറിയുന്നു.

സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക സംഘമാണ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടിയത്. വെസ്റ്റ് സി.ഐ. ലാല്‍കുമാര്‍, എസ്.ഐ. സെസില്‍ ക്രിസ്റ്റ്യന്‍രാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.